വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ; ലീഗിൽ ഭിന്നസ്വരം 

കോഴിക്കോട് - വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ സ്വീകരിക്കുന്നതിൽ മുസ്‌ലിംലീഗിലും ഭിന്നത. ഇരുസംഘടനകളുമായുമുള്ള സഹകരണം ലീഗിന്റെ അടിത്തറ തകർക്കുമെന്ന് കരുതുന്നവർ പാർട്ടിയിൽ ഏറെയാണ്.എസ്.ഡി.പി.ഐ നേതാക്കളുമായി കൊണ്ടോട്ടി അതിഥി മന്ദിരത്തിൽ സ്ഥാനാർഥികൾ കൂടിയായ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയത് പരസ്യമായിരുന്നു. 'മൂത്രശങ്കാ വിനിമയം'' മാത്രമെന്ന് നേതാക്കൾ വിശേഷിപ്പിച്ചെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ അതത്ര ദഹിച്ചിട്ടില്ല. മുസ്‌ലിംലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ നിർത്തുന്നുവെന്നതിനാൽ തൽക്കാലം രക്ഷയുണ്ട്.എന്നാൽ വെൽഫെയർ പാർട്ടി സംസ്ഥാനത്താകെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പോരാത്തതിന് പാർട്ടിയുടെ പിന്തുണയെന്ന് പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥികളുടെ ഫോട്ടോ വെച്ച പോസ്റ്ററുകൾ ഇറക്കിയിട്ടുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമി രൂപം നൽകിയ വെൽഫെയർ പാർട്ടി മുൻ തെരഞ്ഞെടുപ്പുകളിൽ പൊതുവെ ഇടതുപക്ഷത്തോടാണ് സഹകരിച്ചത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ ഇടതുപക്ഷം ഏതാനും പഞ്ചായത്തുകൾ ഭരിക്കുന്നുമുണ്ട്.
വെൽഫെയർ പാർട്ടിയുമായും എസ്.ഡി.പി.ഐയുമായും ബന്ധം വേണ്ട എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ലീഗിലുണ്ട്. ഡോ. എം.കെ മുനീർ, കെ.എം ഷാജി, പി.കെ ഫിറോസ് തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. വെൽഫെയറിനോട് കടുത്ത എതിർപ്പ് കാണിക്കാറില്ലെങ്കിലും എസ്.ഡി.പി.ഐയെ പരസ്യമായി ഇവർ എതിർക്കുന്നു. എസ്.ഡി.പി.ഐയെ എതിർക്കുന്നതിൽ പി.കെ കുഞ്ഞാലിക്കുട്ടിയടക്കം ഒരു വിഭാഗം ആവേശം കാണിക്കാറില്ല. അതുകൊണ്ടുതന്നെ എം.കെ മുനീറിനെയും കെ.എം ഷാജിയെയും ഈ സംഘടനകൾ പിന്തുണക്കാറില്ലെന്ന് മാത്രമല്ല, തോൽപിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുക പതിവാണ്. ഈ നേതാക്കൾക്കെതിരായ വാർത്തകൾ പ്രചരിപ്പിക്കാൻ ഈ സംഘടനകളുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഉത്സുകത കാട്ടിയിട്ടുണ്ട്.എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന 'വാർത്ത' പ്രചരിച്ചപ്പോൾ അവരുമായി സഹകരിക്കുന്നതിലും ഭേദം ലീഗ് പിരിച്ചുവിടുകയാണെന്നായിരുന്നു ഡോ. എം.കെ മുനീറിന്റെ പ്രതികരണം. വെൽഫെയർ പാർട്ടിയുടെ തീരുമാനത്തെക്കുറിച്ച് മുനീർ ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വെൽഫെയർ പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയുണ്ടായി. 
മുസ്‌ലിംലീഗിന്റെ അടിത്തറ മാന്തുന്ന കക്ഷികളാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയുമെന്ന് കരുതുന്ന നേതാക്കൾ ഇവരുടെ സഹായം തേടുന്നതിനെ ആത്മഹത്യാപരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുസംഘടനകൾക്കും പാർട്ടിയെ പരിക്കേൽപ്പിക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പാണിത്. ഈ സമയത്ത് പിന്തുണ പതിച്ചുകിട്ടുമ്പോൾ സ്വാഗതം ചെയ്താൽ നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ എതിർക്കാൻ കഴിയാതാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പൊതുവെ ലീഗ് വിരുദ്ധ നിലപാടാണ് ഇവർ സ്വീകരിക്കുന്നതുമെന്ന് നേതാക്കൾ പറഞ്ഞു.
 

Latest News