പവാറിന്റെ തട്ടകം പിടിക്കാൻ മുൻ സുഹൃത്തിന്റെ ഭാര്യ

സുപ്രിയ സുലെ, കാഞ്ചൻ കുൽ

എൻ.സി.പി നേതാവ് ശരത് പവാറിന്റെ തട്ടകമായ ബാരാമതി പിടിക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ശരത് പവാർ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ജയിച്ചിരുന്ന ബാരാമതിയിൽ കഴിഞ്ഞ തവണ മകൾ സുപ്രിയ സുലെ വെള്ളം കുടിച്ചിരുന്നു. രാഷ്ട്രീയ സമാജ് പക്ഷയുടെ (ആർ.എസ്.പി) മഹാദേവ് ജാൻകറിനെതിരെ 69,000 വോട്ടിനാണ് ഒടുവിൽ ജയിച്ചുകയറിയത്. ഇത്തവണ ആർ.എസ്.പി എം.എൽ.എ രാഹുൽ കുല്ലിന്റെ ഭാര്യ കാഞ്ചൻ കുല്ലിനെയാണ് ബി.ജെ.പി ഇവിടെ മത്സരിപ്പിക്കുന്നത്. സുപ്രിയ 2009 ലും ഇവിടെ നിന്ന് ജയിച്ചിരുന്നു. 
സുപ്രിയയെ മുട്ടുകുത്തിക്കുക എന്ന ഏക ലക്ഷ്യമാണ് ബി.ജെ.പിക്ക്. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നത് അവരുടെ ശാഠ്യമായിരുന്നു. ആർ.എസ്.പി ആദ്യം ഇതിന് വഴങ്ങിയിരുന്നില്ല. സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ബി.ജെ.പി സമ്മതിച്ചില്ല. 
ബാരാമതി മണ്ഡലത്തിലെ ദൗണ്ട് നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയാണ് രാഹുൽ കുൽ. ഭാര്യ കാഞ്ചൻ ബാരാമതി താലൂക്കുകാരിയും. രാഹുൽ നേരത്തെ എൻ.സി.പിക്കാരനും പവാറിന്റെ ഉറ്റ അനുയായിയുമായിരുന്നു. കാഞ്ചൻ കുല്ലിന്റെ ഭർതൃമാതാവ് രഞ്ജന കുൽ ദൗണ്ടിലെ എൻ.സി.പി എം.എൽ.എ ആയിരുന്നു. 

 

Latest News