രാഹുല്‍ ദല്‍ഹിയിലെത്തി; ആദ്യം സഖ്യ തീരുമാനം, വയനാടിന്റെ കാര്യം നാളെ

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു റാലികള്‍ക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ തിരിച്ചെത്തി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കണെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുറവിളികള്‍ ഒരു ഭാഗത്തുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് അവസാന ചര്‍ച്ചകള്‍ക്കാണ് മുന്‍തൂക്കം. ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വളരെ നിര്‍ണായകമാകുന്ന ആംആദ്മി പാര്‍ട്ടി സഖ്യം ദല്‍ഹിയിലെ ഏതാനും നേതാക്കളുടെ ഉടക്കിനെ തുടര്‍ന്ന് തീരുമാനമാകാതെ നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. സഖ്യ ചര്‍ച്ചയ്ക്കാണ് പരിഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കുമെന്നും ദല്‍ഹി കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ പറഞ്ഞു. 

വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം വസ്തുതാപരമല്ലെന്നും ചാക്കോ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഹുലിന് മത്സരിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ആദ്യം ക്ഷണിച്ചത് കര്‍ണാടകയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലും സാധ്യത ഒരുപോലെയാണെന്നും ചാക്കോ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തീരുമാനം ഇന്നും ഉണ്ടായേക്കില്ല എന്നാണ് സൂചന. ഇതു സംബന്ധിച്ച് വ്യക്തത നല്‍കാന്‍ കേന്ദ്ര നേതൃത്വം തയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമിതി യോഗം തിങ്കളാഴ്ചയാണ് നടക്കുക. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതു നീട്ടരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് വളരെ വൈകിയ സാഹചര്യത്തിലാണ് ഞായറാഴ്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഏഴു സീറ്റില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കാമെന്ന ഫോര്‍മുലയാണ് ആംആദ്മി മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് 3-3-1, ഇരു പാര്‍ട്ടികള്‍ക്കും മൂന്നു വീതവും ഒരു സീറ്റില്‍ സംയുക്ത സ്ഥാനാര്‍ത്ഥി- എന്ന ഫോര്‍മുലയുമാണ് നിര്‍ദേശിക്കുന്നത്. ദല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവത്തിലെടുത്തിട്ടുണ്ടെങ്കില്‍ 5-2 സീറ്റ് കരാര്‍ അംഗീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി രാജ്യ സഭാ എംപി സജ്ഞയ് സിങ് പറഞ്ഞു.
 

Latest News