റിയാദ് - ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങൾ ചെയ്തുകൊടുത്ത 3500 ലേറെ വിദേശികളെ പതിനാറു മാസത്തിനിടെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുത്ത 3533 വിദേശികളാണ് പതിനാറു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. ശിക്ഷാ നടപടികൾ സ്വീകരിച്ച് ഇവരെ സൗദിയിൽ നിന്ന് നാടുകടത്തി. ഇതേ കുറ്റത്തിന് 1166 സ്വദേശികളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 1120 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 46 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്.
പതിനാറു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ആകെ 28,27,564 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 22,04,460 പേർ ഇഖാമ നിയമ ലംഘകരും 4,32,461 പേർ തൊഴിൽ നിയമ ലംഘകരും 1,90,643 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
പതിനാറു മാസത്തിനിടെ അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യത്ത് പ്രവേശിക്കുന്നതിന് ശ്രമിച്ച 47,863 പേർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 50 ശതമാനം പേർ യെമനികളും 47 പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഇതേ കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടുന്നതിന് ശ്രമിച്ച 2015 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
നിലവിൽ 11,332 നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 9737 പേർ പുരുഷന്മാരും 1595 പേർ വനിതകളുമാണ്. 4,24,223 നിയമ ലംഘകർക്കെതിരെ തൽക്ഷണം ശിക്ഷാ നടപടികൾ സ്വീകരിച്ചു. പാസ്‌പോർട്ടില്ലാത്ത 3,85,618 പേർക്ക് കോൺസുലേറ്റുകളും എംബസികളും വഴി താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കുന്നതിന് നടപടികളെടുത്തു. 4,80,741 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്് നടപടികൾ സ്വീകരിച്ചു. പതിനാറു മാസത്തിനിടെ 7,13,801 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.