കണ്ണൂര്‍- തളിപ്പറമ്പിനടുത്ത് നടുവില്‍ ആട്ടുകുളത്ത് ആര്‍.എസ്.എസ് നേതാവിന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ക്കു ഗുരുതര പരിക്കേറ്റു. ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്നു നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മാണ സാമഗ്രികളും ആയുധ ശേഖരവും കെണ്ടത്തി.
ആര്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമലയില്‍ ഷിബുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ശനി ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മകന്‍ ഗോകുല്‍(14), അയല്‍വാസിയും ബന്ധുവുമായ ശിവകുമാറിന്റെ മകന്‍ കജന്‍രാജ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കജന്‍രാജിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ഗോകുലിനെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വീടിനു സമീപം പക്ഷിക്കൂട് ഉണ്ടാക്കുന്നതിനു സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു ഉഗ്ര സ്‌ഫോടനം. സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. കുട്ടികളുടെ കൈകാലുകളിലും മുഖത്തും പുറത്തുമാണ് പരിക്ക്. ബോംബ് ചീളുകള്‍ ശരീരത്തില്‍ തറഞ്ഞു കയറി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി എം.കൃഷ്ണന്‍, കുടിയാന്മല എസ്.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് ബോംബ് നിര്‍മാണ സാമഗ്രികളായ അലുമിനിയം പൗഡര്‍, ഗണ്‍ പൗഡര്‍, 4 വടിവാളുകള്‍ എന്നിവ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് വിറകു സൂക്ഷിക്കാന്‍ നിര്‍മിച്ച ഷെഡ്ഡിലാണ് ഇവ കണ്ടത്. വിറകുകള്‍ക്കടിയില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. ഇവിടെ ബോംബ് നിര്‍മാണം നടന്നിരുന്നതായാണ് വിവരം. നേരത്തെ നിര്‍മിച്ച ബോംബ് കുട്ടികള്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.