കൊല്‍ക്കത്ത- 21 വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടിയുടെ ലോഗോ പരിഷ്‌ക്കരണത്തിലൂടെ കോണ്‍ഗ്രസിനെ പൂര്‍ണമായും നീക്കം ചെയ്തു. പുതിയ ലോഗോയ്ക്കു പുറമെ പാര്‍ട്ടിയുടെ പുതിയ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമെല്ലാം കോണ്‍ഗ്രസിനെ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ കറുപ്പും വെളുപ്പും നിറത്തില്‍ പുല്‍ച്ചെടിയായിരുന്നു ലോഗോ. ഇതു മാറ്റി പകരം ഇപ്പോല്‍ നീല പശ്ചാത്തലത്തിലാണ് ഈ പുല്‍ച്ചെടി. പഴയ ലോഗോയിലെ കോണ്‍ഗ്രസ് ഒഴിവാക്കി പച്ച നിറത്തില്‍ തൃണമൂല്‍ എന്ന പേര്‍ മാത്രം വലിയ അക്ഷരങ്ങളില്‍ നല്‍കിയിരിക്കുന്നു. ത്രിവര്‍ണ പതാകയും ചെറുതായി നല്‍കിയിട്ടുണ്ട്. 'അമര്‍, ആപ്നര്‍, ബംഗ്ലര്‍' (എന്റേത്, നിങ്ങളുടേത്, ബംഗാളിന്റേത്) എന്നാണ് പുതിയ മുദ്രാവാക്യം.
മമതയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ലോഗോയിലെ ഈ മാറ്റങ്ങളെന്ന് പറയപ്പെടുന്നു. പാര്‍ട്ടിയുടേയും മമതയുടേയും മുതിര്‍ന്ന നേതാക്കളായ അഭിഷേക ബാനര്‍ജി, ഡെരക് ഒബ്രെയ്ന്‍ എന്നിവരുടേയും ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പുതിയ ലോഗോ ഉണ്ട്. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എന്നു തന്നെ തുടരും.
ബംഗാളില്‍ ദീര്‍ഘകാലം ഭരിച്ച ഇടതുപക്ഷത്തോട് കോണ്‍ഗ്രസ് ഏറ്റുമുട്ടാത്തതില്‍ കലഹിച്ചാണ് മമത കോണ്‍ഗ്രസ് വിട്ട് 1998-ല്‍ തൃണമൂല്‍ രൂപീകരിച്ചത്. പിന്നീട് മമത നടത്തിയ മുന്നേറ്റത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പക്ഷവും പിന്നോട്ടടിക്കുന്നതാണ് കണ്ടത്. മൂന്ന് പതിറ്റാണ്ടു കാലത്ത ഇടതു ഭരണം അവസാനിപ്പിച്ച് മമതയുടെ തൃണമൂല്‍ ഒറ്റയ്ക്ക് ബംഗാളില്‍ ഭരണം പിടിച്ചെടുക്കുന്നതിനും ചരിത്രം സാക്ഷിയായി. ബംഗാളിലെ ഏറ്റവും കരുത്തുറ്റ പാര്‍ട്ടിയാണ് ഇന്ന് തൃണമൂല്‍.