റിയാദ് - ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഖത്തർ സന്ദർശിക്കുന്നതിന് സൗദികൾക്ക് വിലക്കേർപ്പെടുത്തുകയും ഖത്തറിൽ കഴിയുന്ന സൗദികൾ സ്വദേശത്ത് തിരിച്ചെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന് മടങ്ങിയെത്തുന്ന സൗദി മാധ്യമപ്രവർത്തകർക്കും സാങ്കേതിക ജീവനക്കാർ തൊഴിൽ നൽകുന്നതിന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയം സന്നദ്ധമാണെന്ന് മന്ത്രി ഡോ. അവാദ് അൽഅവാദ് പറഞ്ഞു. ഖത്തറിൽ നിർവഹിച്ചിരുന്ന അതേ തൊഴിലുകളിൽ സൗദി ചാനലുകളിൽ ഇവർക്ക് ജോലി നൽകും.
സൗദി അറേബ്യക്ക് അപകീർത്തിയുണ്ടാക്കിവയർക്കെതിരെ ഭരണാധികാരികൾക്കൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്രത്തെ പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു. ഖത്തറിൽനിന്ന് തിരിച്ചെത്തുന്ന മാധ്യമപ്രവർത്തകർ ഇ-മെയിൽ വഴി സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിന് തൊഴിൽ അപേക്ഷകൾ സമർപ്പിക്കണം.
സൗദി അറേബ്യക്കും സൗദി ജനതക്കും അപകീർത്തിയുണ്ടാക്കുന്ന ആശയങ്ങളെയും വിവരങ്ങളെയും ചെറുക്കുന്നതിന് സാധിക്കുമെന്ന് സൗദി മാധ്യമങ്ങൾ ലോകത്തിനു തെളിയിച്ചുകൊടുത്തിട്ടുണ്ട്. ദേശീയൈക്യം തകർക്കുന്നതിനും ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ശത്രു മാധ്യമങ്ങൾക്കു മുന്നിൽ സൗദി മാധ്യമങ്ങൾ നൈപുണ്യം തെളിയിച്ചിട്ടുമുണ്ട്. വിശ്വാസ്യതയും സത്യസന്ധതയും നഷ്ടപ്പെട്ട ചാനലുകൾക്കു മുന്നിൽ സൗദി മാധ്യമങ്ങൾ സ്വീകരിച്ച പ്രശോഭിതമായ ഈ നിലപാട് ചരിത്രം എന്നും ഓർത്തുവെക്കും. സൗദി അറേബ്യക്കെതിരായ മാധ്യമ യുദ്ധം നേരിടുന്നതിന് രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഭരണാധികാരികൾക്കു പിന്നിൽ ഒറ്റക്കെട്ടായി ഉറച്ചുനിൽക്കണം. ദേശീയബോധം ഇസ്‌ലാമിന്റെ ഭാഗമാണ്. രാഷ്ട്രവും രാജ്യത്തിന്റെ ആർജിത നേട്ടങ്ങളും മറ്റെല്ലാ പരിഗണനകൾക്കും മുകളിലായിരിക്കണം. ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
ആളുകളെ കബളിപ്പിക്കുന്ന ആഹ്വാനങ്ങളിൽ കുടുങ്ങുന്നതിനെതിരെ മാധ്യമങ്ങൾ സമൂഹത്തെ ബോധവൽക്കരിക്കണം. സൗദി അറേബ്യക്ക് ദോഷമുണ്ടാക്കുന്നതിന് അവസരം പാത്തിരിക്കുന്നവർക്കെതിരെ ഭരണാധികാരികൾക്കൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ആവശ്യപ്പെട്ടു.






