മരണവക്ത്രത്തിലെത്തിയ കുഞ്ഞിനെ രക്ഷിക്കാന്‍ എയര്‍ അറേബ്യ വിമാനം മസ്കത്തിലിറക്കി

ദുബായ്- നാഗ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് വരികയായിരുന്ന എയര്‍ അറേബ്യ വിമാനം യാത്രക്കാരനായ കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ മസ്കത്തില്‍ അടിയന്തരമായി ഇറക്കി.  കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ലൈന്‍സ് കാണിച്ച സഹാനുഭൂതിക്കും ഉദാരമനസ്കതക്കും ദമ്പതികള്‍ നന്ദി പറഞ്ഞു.
24 കാരിയായ സാറ ബോംബെവാല മകന്‍ ആദമിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് തിരിച്ചത്. വിമാനത്തിനുള്ളില്‍ ശക്തമായി ചുമക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്ത കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
പാരീസില്‍ താമസിക്കുന്ന കുടുംബം നാഗ്്പൂരില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ഷാര്‍ജയില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനായിരുന്നു സാറായുടെ യാത്ര. എന്നാല്‍ ഇന്ത്യയിലെ കാലാവസ്ഥ തീരെ പിടിക്കാതെ കുട്ടി അസുഖ ബാധിതനായി. കടുത്ത ചുമയും ജലദോഷവുമായാണ് കുഞ്ഞ് വിമാനം കയറിയത്.
വിമാനം കയറും മുമ്പ് ഡോക്ടറെ കാണുകയും യാത്ര ചെയ്യാനുള്ള ക്ലിയറന്‍സ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര പകുതിയായതോടെ ആദമിന്റെ നില വഷളാവുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ആദമിനെ പരിശോധിച്ച് അടിയന്തര ചികിത്സ നല്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് വിമാനം അടുത്ത വിമാനത്താവളത്തിലിറങ്ങാന്‍ സാറ ആവശ്യപ്പെടുകയായിരുന്നു.
പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. സാറക്ക് നല്‍കാനുള്ള ഉപദേശമിതാണ്: അസുഖമുള്ള കുഞ്ഞുമായി വിമാനം കയറും മുമ്പ് രണ്ട് വട്ടം ആലോചിക്കുക.

 

Latest News