തൊടുപുഴ- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഷാജിയുടെയും കണ്ടക്ടര്‍ മനോജിന്റെയും നന്‍മ ഫലം ചെയ്തില്ല. യാത്രക്കിടെ ഹൃദയാഘാതമുണ്ടായ അമ്മിണി മരണത്തിന് കീഴടങ്ങി. എങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആംബുലന്‍സാക്കി മാറ്റിയ ഷാജിയുടെയും മനോജിന്റെയും പേരുകള്‍ നന്‍മയുടെ പുസ്തകത്തില്‍ നിന്നും മായില്ല.
പാല കൊല്ലപ്പള്ളിയില്‍ നിന്ന് കയറിയ യാത്രക്കാരി തൊടുപുഴ ബി.എസ്.എന്‍.എല്‍ ഓഫീസിലെ ജീവനക്കാരി കൂടിയായ അമ്മിണി സ്കറിയയ്ക്കാണ് (58) കോലാനിയില്‍ എത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയായ അമ്മിണിയുടെ അസ്വസ്ഥത മനസ്സിലാക്കിയ ജീവനക്കാര്‍ കോലാനിയില്‍ നിന്ന് തൊടുപുഴ സ്റ്റാന്‍ഡിലേക്കുള്ള യാത്ര വഴിമാറ്റി ചാഴിക്കാട് ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഹോണ്‍ മുഴക്കി പരമാവധി വേഗത്തില്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം അവര്‍ തിരികെ പോയില്ല. പകരം ബസ് ഒതുക്കിനിറുത്തി അമ്മിണിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കും വരെ ഷാജിയും മനോജും കാത്തിരുന്നു. എന്നാല്‍ അവരുടെ കഷ്ടപ്പാടുകളെല്ലാം നിഷ്ഫലമാക്കി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അമ്മിണി താമസിയാതെ മരണത്തിന് കീഴടങ്ങി.
പാലാ കൊല്ലപ്പള്ളി ചെപ്പന്നുക്കരയില്‍ സി.കെ.കുരുവിളയുടെ ഭാര്യയാണ് ബി.എസ്.എന്‍.എല്‍ തൊടുപുഴ അക്കൗണ്ട്സ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് അമ്മിണി കുരുവിള. കോട്ടയത്തു നിന്നും 8.25ന് തൊടുപുഴയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ കൊല്ലപ്പള്ളിയില്‍ നിന്നാണ് അമ്മിണി കയറിയത്. ബസ് കോലാനിയിലെത്തിയപ്പോള്‍ സീറ്റിലിരുന്ന അമ്മിണി കുഴഞ്ഞു വീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന നഴ്സ് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. മക്കള്‍: മെറിന്‍, ക്രിസ്റ്റി (ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി). മരുമകന്‍: ജോര്‍ജിഷ്