കോലീബി ആരോപണം പൂഴിക്കടകൻ അടവ് -മുല്ലപ്പള്ളി

തിരുവനന്തപുരം- ഏറ്റവും മികച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം കോലീബി ബന്ധം ആരോപിക്കുന്നത് തെരഞ്ഞെടുപ്പിൽ അടിയറ പറയുന്നതിനു മുമ്പായി അവർ നടത്തുന്ന അവസാനത്തെ പൂഴിക്കടകൻ അടവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ആർ.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. സി.പി.എം ആരോപണം ഉന്നയിക്കുന്ന അഞ്ചു സീറ്റിലും യു.ഡി.എഫ് മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുൻകൂർ ജാമ്യം തേടലുമാണ് ഇതിൽ നിറഞ്ഞു നിൽക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 
1977 ലെ പോലെ കേരളത്തിൽ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലായെന്ന് തിരിച്ചറിഞ്ഞ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പിച്ചും പേയും പറയുകയാണ്. ഗീബെൽസിനെപ്പോലെ കള്ളം പറയൽ കലയാക്കിയ സി.പി.എം എന്നും നുണ പ്രചരിപ്പിക്കുന്നതിൽ വൈദഗ്ധ്യം കാട്ടിയിട്ടുണ്ട്. കേരളീയ പൊതുസമൂഹം ഇത് നന്നായി തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പി. സി.പി.എം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിൻ കേസിൽ കാണുന്നത്. ഈ കേസിലെ പ്രതിയായ കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ വൈസ് പ്രസിഡന്റായിരുന്ന ക്ലൗഡ് ട്രൗഡലിനെ വാറണ്ട് പുറപ്പെടുവിച്ച് 6 വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സി.ബി.ഐ കോടതി അതിരൂക്ഷമായി വിമർശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ 12 തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവെച്ചത്. ജഡ്ജിമാർ വാദം കേൾക്കാൻ തയാറായിട്ടും ദിവസങ്ങൾക്കു മുമ്പ് സി.ബി.ഐ ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റി വെയ്ക്കുന്നത് മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.1977 ൽ സി.പി.എമ്മും ജനസംഘം ഉൾപ്പെടുന്ന ജനതാ പാർട്ടിയും തമ്മിൽ പരസ്യമായ സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. അന്ന് പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാർത്ഥി ടി. ശിവദാസ മേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് എൽ.കെ. അദ്വാനിയും തർജമ നടത്തിയത് ഒ. രാജഗോപാലുമാണ്. അന്നു പിണറായി വിജയൻ കൂത്തുപറമ്പിൽ ജനസംഘവുമായി ചേർന്ന് മത്സരിച്ചിട്ട് നേരിയ വോട്ടുകൾക്കാണ് വിജയിച്ചത്. ജനസംഘം സ്ഥാനാർത്ഥി കെ.ജി.മാരാർക്കു വേണ്ടി ഇ.എം.എസ് ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തുകയും ചെയ്തു. വസ്തുത ഇതായിരിക്കേ സി.പി.എം മലർന്ന് കിടന്ന് തുപ്പുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
1991 ൽ വടകരയിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. പ്രശസ്ത അഭിഭാഷകനായ രത്‌നസിംഗ്  സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹത്തിന് വിപുലമായ സുഹൃദ് ബന്ധമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ സഹായിക്കാൻ നിരവധി സംഘടനകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ രത്‌നസിംഗിനെ സഹായിക്കാനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താത്തതെന്ന ആരോപണം ലജ്ജാകരമാണ്. അത് കോൺഗ്രസിന്റെ തലയിൽ വെയ്ക്കുന്നത് ദുർബല വാദമാണ്. 1991 ന് ശേഷം  സി.പി.എം ഇത്തരം ബാലിശമായ ആരോപണം നിരന്തരം ഉന്നയിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിനെ സ്‌നേഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഇതിന് പിന്നിലെ സത്യാവസ്ഥ തിരിച്ചറിയുന്നുണ്ട്. എന്നിട്ടും ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഗാന്ധി വധത്തെത്തുടർന്ന് 1948 ൽ ആദ്യമായി ആർ.എസ്.എസിനെ നിരോധിച്ചത് നെഹ്‌റുവും സർദാർ വല്ലഭായ് പട്ടേലുമാണ്. അടിയന്തരാവസ്ഥ കാലത്ത് വീണ്ടും ആർ.എസ്.എസിനെ നിരോധിച്ചത് ഇന്ദിരാ ഗാന്ധിയാണ്. മതേതര രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ് ആരംഭം മുതൽ ഹിന്ദു മഹാസഭയേയും ആർ.എസ്.എസിനേയും മറ്റു സംഘപരിവാർ സംഘടനകളേയും ശക്തമായി എതിർത്തും തുറന്നു കാട്ടിയുമാണ് മുന്നോട്ട് പോയത്. ആർ.എസ്.എസ്, സംഘപരിവാർ ശക്തികളുമായി നീക്കുപോക്കുണ്ടാക്കി മുന്നോട്ട് പോയ പാർട്ടി സി.പി.എമ്മാണ്.

Latest News