രാജാജി മാത്യു തോമസ് സാഹിത്യകാരന്മാരുടെ വീട്ടിലുമെത്തി

തൃശൂർ ലോക്‌സഭാ എൽ.ഡി.എഫ്  സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് പുതൂർ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പത്‌നി തങ്കമണിയുമായി സംസാരിക്കുന്നു. 

തൃശൂർ - പാവറട്ടി മേഖലയിലൂടെയായിരുന്നു തൃശൂർ ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ പര്യടനം. മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയും ഒപ്പമുണ്ടായിരുന്നു. പാവറട്ടി പള്ളിയിലെ ഊട്ടുതിരുനാളിന് സ്ഥാനാർത്ഥി എത്തിയപ്പോൾ പള്ളി വികാരിയും മറ്റു ഭാരവാഹികളും സ്വീകരിച്ചു. ഊട്ടുസദ്യ കഴിച്ച ശേഷം കാറ്ററിംഗ് സർവീസ് നടത്തുന്ന സ്ത്രീകളോട് സ്ഥാനാർത്ഥി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പരിചയപ്പെട്ടു.ഒത്തുചേരലിലാണ് മനുഷ്യർ മനുഷ്യരാകുന്നതെന്നും അവിടെ ജാതിക്കും മതത്തിനും ഒന്നും ഭേദമില്ലെന്നും ഒന്നാകലിന്റെയും കൂട്ടായ്മയുടെയും വിജയമാണ് ഇത്തരം ഊട്ടുകളുടെ പ്രത്യേകതയെന്നും പ്രസിദ്ധമായ പാവറട്ടി പള്ളിയിലെ ഊട്ടിൽ പങ്കെടുക്കാനായത് ഏറെ ചാരിതാർഥ്യജനകമാണെന്നും രാജാജി പറഞ്ഞു.
പിന്നെ വെയിൽ വകവെക്കാതെ നേരെ പുളിഞ്ചോട്, തൊട്ടാപ്പ് പ്രദേശങ്ങളിൽ വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥിയെത്തി.പാവറട്ടി സെന്ററിൽ റോഡ് ഷോ നടത്തിയ സ്ഥാനാർത്ഥി കടകളിൽ കയറി ഉടമകളുടെയും തൊഴിലാളികളുടെയും പിൻതുണ തേടി. പാലുവായ് വിസ്ഡം കോളേജിലെത്തിയ രാജാജി വിദ്യാർത്ഥികളോടും കോളേജ് ജീവനക്കാരോടും സംസാരിച്ച് വോട്ടഭ്യർത്ഥന നടത്തി.പാവറട്ടി സി.കെ.സി കോൺവെന്റ്, സെന്റ് തോമസ് ആശ്രമം, സാൻജോസ് ആശുപത്രി എന്നിവിടങ്ങളിലെത്തി കന്യാസ്ത്രീകളുടെയും ആശ്രമ പിതാക്കൻമാരുടെയും അനുഗ്രഹം തേടി. ആശുപത്രിയിൽ കഴിയുന്ന രോഗികളെ ആശ്വസിപ്പിച്ചു. കണ്ടാണിശ്ശേരിയിൽ കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടു. 
കടപ്പുറം പഞ്ചായത്തിലെ വിവിധയിടങ്ങളിലെത്തി രാജാജി വോട്ടഭ്യർത്ഥിച്ചു. പലയിടത്തും ആളുകൾ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കുന്നുണ്ടായിരുന്നു. യാതൊരു പരിഭവവും മടിയും ഇല്ലാതെ അവർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത് രാജാജി അവരിൽ ഒരാളായി. 
ഗുരുവായൂരിൽ പ്രമുഖ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ ഓർമകൾ നിറഞ്ഞ വീട്ടിലേക്കും രാജാജിയെത്തി.രാജാജിയുടേത് അപ്രതീക്ഷിതമായ സന്ദർശനമായിരുന്നതിനാൽ പുതൂരിന്റെ മക്കളെല്ലാം ജോലിസ്ഥലത്തായിരുന്നു. പുതൂരിന്റെ പത്‌നി തങ്കമണിയായിരുന്നു വീട്ടിലുണ്ടായിരുന്നത്. 
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നസീം പുന്നയൂരിന്റെ വീട്ടിലെത്തിയപ്പോൾ ഉപഹാരമായി തന്റെ ഏറ്റവും പുതിയ കൃതിയായ പുന്നയൂർ പുരാണം നൽകിയാണ് സ്വീകരിച്ചത്. കുരഞ്ഞിയൂർ പീജേ അഗ്രോ ഫുഡ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവികളെയും അവിടെ ജോലി ചെയ്യുന്നവരെയും സന്ദർശിച്ചു. ഈത്തപ്പഴമടക്കമുള്ള വിഭവങ്ങളും ഒരുക്കിയാണ് എടക്കഴിയൂരിലെ കേരന്റകത്ത് അവറുണ്ണിക്ക സ്ഥാനാർത്ഥിയെയും കൂട്ടരെയും വീട്ടിലേക്ക് വരവേറ്റത്. 
 ഒരുമനയൂരിൽ പഞ്ചായത്ത് ഓഫീസ്, യു.പി സ്‌കൂൾ, നാഷണൽ ഹുദാ സി.ബി.എസ്.ഇ സെൻട്രൽ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചു. ചാവക്കാട് അമൃത വിദ്യാലയം, ഒരുമനയൂർ സെന്റ് ഫ്രാൻസിസ് ഐ.സി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഒരുമനയൂരിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുത്തമ്മാവിൽ രാജാജി ഉദ്ഘാടനം ചെയ്തു.  ഗുരുവായൂരിലെ വനിതാ പാർലമെന്റിലും പങ്കെടുത്തു. 
 

Latest News