ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കും

തിരുവനന്തപുരം - ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിന് പിന്തുണ നൽകുമെന്നും പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 
വെൽഫെയർ പാർട്ടി മത്സരിക്കുന്നതിനേക്കാൾ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാർട്ടി വിലയിരുത്തുന്നു. അതിനാൽ വെൽഫെയർ പാർട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല. യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസ് രാജ്യത്തെ വലിയ മതേതര പാർട്ടിയാണ്. പാർലമെന്റിൽ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനും കോൺഗ്രസുമായി നേരിട്ട് സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർധിച്ചാൽ മാത്രമേ ദേശീയ തലത്തിൽ മതേതര സർക്കാർ ഉണ്ടാകാനുള്ള സാധ്യത തെളിയൂ.

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരള സംസ്ഥാനത്ത് സ്വീകരിക്കുന്ന നിലപാട്:

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ് 2019 ലെ പൊതുതെരെഞ്ഞെടുപ്പ്. അഞ്ചുവർഷമായി രാജ്യം ഭരിക്കുന്ന മോദി സർക്കാർ ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. മോദിയുടെ അനുയായികളായ സംഘ്പരിവാറുകാർ രാജ്യത്താകെ വംശീയത പരത്തുകയും തെരുവുകളിൽ മുസ്‌ലിംങ്ങളെയും ദലിതരെയും ആസൂത്രിതമായി ആൾക്കൂട്ടമെന്ന വ്യാജേന തല്ലിക്കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അരുംകൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, കൽബുർഗി, പെഹ്‌ലുഖാൻ, ജുനൈദ് അങ്ങനെ തുടങ്ങി നിരവധി രക്തസാക്ഷികളാണ് രാജ്യത്തുണ്ടായത്. കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ സർഗാത്മക പ്രതിരോധങ്ങളെ ഭീകരമായി അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു.

ഭരണഘടനാ സ്ഥാപനങ്ങളായ റിസർവ് ബാങ്ക്, ചരിത്ര ഗവേഷണ കൗൺസിൽ, കോടതികൾ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ സംഘ്പരിവാർ അവരുടെ വരുതിയിലും നിയന്ത്രണത്തിലുമാക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ദലിത്ആദിവാസിമുസ്‌ലിംന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും നേരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് ഭരണകക്ഷിയുടെ സമുന്നത നേതാക്കൾ തന്നെയാണ്.

രാജ്യത്ത് അഴിമതിയും കോർപറേറ്റുവത്കരണവും അതി ഭീകരമാം വിധം വർധിച്ചിരിക്കുന്നു. റാഫേൽ ഇടപാട് പോലെ പ്രധാനമന്ത്രി നേരിട്ട് തന്നെ അഴിമതി ആരോപണം നേരിടുന്ന സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യം ഭീകരമായ കടക്കെണിയിലാണ്. രാജ്യത്തെ പൊതുകടം 2018 ൽ 527 ബില്യൻ ഡോളറായി ഉയർന്നു. നോട്ടുനിരോധം എന്ന മരമണ്ടൻ തീരുമാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സമ്പൂർണമായി തകർത്തു. വിലക്കയറ്റം അതിന്റെ എല്ലാ പരിധിയും കടന്നു. ജി.എസ്.ടി സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തെ ഇല്ലാതാക്കി. രണ്ട് കോടിയിലധികം തൊഴിൽ നഷ്ടങ്ങളുണ്ടായി. കടക്കെണി മൂത്ത് കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കോർപറേറ്റുകളാകട്ടെ അവരുടെ സമ്പത്തും ആസ്തിയും വൻതോതിൽ വർധിപ്പിക്കുന്നു.

ഇനിയും ബി.ജെ.പി  അധികാരത്തിൽ വന്നാൽ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിർഭാഗ്യവശാൽ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങൾ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്.  വെൽഫെയർ പാർട്ടി മത്സരിക്കുന്നതിനേക്കാൾ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാർട്ടി വിലയിരുത്തുന്നു. അതിനാൽ വെൽഫെയർ പാർട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല.

കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. രണ്ടു കൂട്ടരും എൻ.ഡി.എയെ അധികാരത്തിൽ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പിഎം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായ കക്ഷിയല്ല. അവർക്ക് ശക്തിയുള്ളത് കേരളത്തിൽ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എൻ.ഡി.എയെ പുറത്താക്കാൻ തക്ക ശേഷി അവർക്കില്ല.

യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാർട്ടിയാണ്. പാർലമെന്റിൽ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനും കോൺഗ്രസുമായി നേരിട്ട് സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർധിച്ചാൽ മാത്രമേ ദേശീയ തലത്തിൽ മതേതര സർക്കാർ ഉണ്ടാകാനുള്ള സാധ്യത തെളിയൂ.

കേരളത്തിലെ മൂന്ന് വർഷത്തെ ഇടതു ഭരണമാകട്ടെ തികച്ചും ജനവിരുദ്ധമാണ്. കേരളം നേരിട്ട പ്രളയത്തിന് ശേഷമുള്ള പുനർ നിർമാണത്തിന് പോലും ക്രിയാത്മകമായ കാഴ്ചപ്പാട് പുലർത്താൻ അവർക്കായിട്ടില്ല. അക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ്. പല സന്ദർഭങ്ങളിലും സംഘ്പരിവാർ സർക്കാരുകൾ പുലർത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് അവരും പുലർത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോർപറേറ്റുകൾക്ക് വേണ്ടി അടിച്ചമർത്തുകയും സമര പ്രവർത്തകരെ ഭീകര മുദ്ര ചാർത്തുകയും ചെയ്യുകയാണ് എൽ.ഡി.എഫും സിപിഎമ്മും. ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂർ സമരം, ഗെയിൽ സമരം, ആലപ്പാട് സമരം തുടങ്ങി നിരവധി സംഭവങ്ങളിൽ അത് വ്യക്തമായതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും എൽ.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്.   തെരഞ്ഞെടുപ്പ് പാർലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.

ഈ സാഹചര്യങ്ങൾ പരിഗണിച്ച് കേരളത്തിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പാർട്ടി സ്വന്തം നിലക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയസാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാൽ ആ മണ്ഡലത്തിൽ പൊതു തത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാർത്ഥിയെ പിന്തുണക്കും.
പാർട്ടി നേതാക്കളായ ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്), കെ.എ ശഫീഖ് (സംസ്ഥാന ജനറൽ സെക്രട്ടറി), ശ്രീജ നെയ്യാറ്റിൻകര (സംസ്ഥാന വൈസ് പ്രസിഡണ്ട്), റസാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡണ്ട്), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി), ജോസഫ് ജോൺ (സംസ്ഥാന സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News