ഖത്തർ പ്രതിസന്ധി; പുതിയ സംഭവവികാസങ്ങള്‍

ഖത്തറുമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപത് തുടങ്ങി പത്തോളം രാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ചതിന് ശേഷമുണ്ടായ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ നടന്നതെല്ലാം ഇവിടെ വായിക്കാം.

മധ്യസ്ഥശ്രമം പരാജയപ്പെട്ടാൽ ഉത്തരവാദിത്വം 
ഖത്തറിന് മാത്രം - ബഹ്‌റൈൻ വിദേശ മന്ത്രി


മനാമ - ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കുവൈത്ത് അമീർ നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം ഖത്തറിന് മാത്രായിരിക്കുമെന്ന് ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. പ്രതിസന്ധിക്ക് അറുതിയുണ്ടാക്കുന്നതിന് കുവൈത്ത് അമീർ നടത്തുന്ന ശ്രമങ്ങളുടെ വിജയസാധ്യത ഖത്തർ നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. മധ്യസ്ഥശ്രമങ്ങൾ വിജയിക്കാതിരുന്നാൽ അതിന്‍റെ ഉത്തരവാദിത്വം ഖത്തറിനാകും. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിന് ശൈഖ് സ്വബാഹിന് അവർ അവസരം നൽകിയില്ല. മധ്യസ്ഥശ്രമങ്ങളുടെ വിജയവും നേട്ടങ്ങളും വഹിക്കേണ്ടത് ഖത്തറാണ്. 
ഖത്തർ പിന്തുടരുന്ന രാഷ്ട്രീയവും പ്രവർത്തന ശൈലിയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് ബഹ്‌റൈനെ ആണ്. ബഹ്‌റൈനെ ലക്ഷ്യമിടുന്ന ദേശവിരുദ്ധർക്കും ഭീകര സംഘടനകൾക്കും പിന്തുണ നൽകി ബഹ്‌റൈനെതിരെ ഖത്തർ ഗൂഢാലോചനകൾ നടത്തി. ബഹ്‌റൈന് അപകീർത്തിയുണ്ടാക്കുന്ന മാധ്യമപ്രചാരണവും ഖത്തറിന്‍റെ ഭാഗത്തു നിന്നുണ്ടായി. രാഷ്ട്രീയ നയനിലപാടുകളിൽ മാറ്റങ്ങൾ വരുത്തുകയാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് ഖത്തർ ചെയ്യേണ്ടത്. ഗൾഫ് രാജ്യങ്ങളുടെ ഒന്നാം നമ്പർ ശത്രുവായ ഇറാനിൽനിന്ന് ഖത്തർ അകന്നുനിൽക്കുകയും വേണം. 
ഇരുപതോ ഇരുപത്തിയൊന്നോ വർഷമായി ബഹ്‌റൈനെതിരെ ഖത്തർ നിരന്തരം പ്രവർത്തിക്കുന്നു. 2011 ൽ ബഹ്‌റൈനിൽ ദേശവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ദേശവിരുദ്ധർക്കു വേണ്ടിയാണ് ഖത്തർ നേതാക്കൾ സംസാരിച്ചത്. അൽജസീറ ചാനൽ ബഹ്‌റൈനെയും ബഹ്‌റൈനികളെയും ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തി. ബഹ്‌റൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മനുഷ്യാവകാശ സംഘടനകളെ ഖത്തർ പ്രേരിപ്പിച്ചതായും ബഹ്‌റൈൻ വിദേശ മന്ത്രി പറഞ്ഞു. 

നയതന്ത്രബന്ധം അവസാനിപ്പിക്കാൻ കാരണം ഖത്തര്‍ നിലപാട്


അയൽ രാജ്യങ്ങളുടെയും അറബ് രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ നടത്തുന്ന ഇടപെടലുകളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന് കാരണമെന്ന് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച നടത്തുന്നതിന് ജിദ്ദയിലെത്തിയ ബഹ്‌റൈൻ രാജാവ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ഖത്തർ നേതൃത്വം രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തുകയും നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കുകയും വേണം. അയൽ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രത തകർക്കുകയും ദേശീയ ഐക്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഖത്തർ അവസാനിപ്പിക്കണം. എങ്കിൽ ഖത്തറുമായുള്ള ബന്ധം പഴയപോലെ മികച്ചതായി മാറുമെന്നും ബഹ്‌റൈൻ രാജാവ് പറഞ്ഞു. 

പ്രശ്‌നം തീർക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല - അൽജുബൈർ


റിയാദ് - ഖത്തറുമായുള്ള പ്രശ്‌നങ്ങൾ തീർക്കുന്നതിന് പുറത്തുനിന്നുള്ളവരുടെ സഹായം ആവശ്യമില്ലെന്നും ഗൾഫ് രാജ്യങ്ങൾക്കു തന്നെ ഇതിന് സാധിക്കുമെന്നും സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ജർമൻ വിദേശ മന്ത്രിക്കൊപ്പം ബെർലിനിൽ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഖത്തറുമായുള്ള പ്രശ്‌നത്തിൽ ആരുടെയും മധ്യസ്ഥശ്രമം ആവശ്യമില്ലെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കിയത്. ആരുടെയും മധ്യസ്ഥശ്രമം ഗൾഫ് രാജ്യങ്ങൾ തേടിയിട്ടില്ല. ഗൾഫ് സഹകരണ കൗൺസിൽ ചട്ടക്കൂടിനകത്തുനിന്നു തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഭീകര സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകില്ലെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ഉറപ്പുനൽകി ഒപ്പുവെച്ച കരാറുകൾ ഖത്തർ വേണ്ടവിധം പാലിച്ചിട്ടില്ല. ഇതാണ് ഖത്തറിനെതിരെ നടപടി സ്വീകരിക്കുന്നതിന് മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ചതെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 

ബ്രദർഹുഡ് നേതാക്കൾ ഖത്തർ വിടുന്നു


ദോഹ - ഖത്തറിനുമേലുള്ള സമ്മർദം കുറക്കുന്നതിന് മുസ്‌ലിം ബ്രദർഹുഡ് നേതാക്കളോട് ഖത്തർ വിടുന്നതിന് സംഘടന ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സുഡാൻ, തുർക്കി, മലേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്ക് പോകാനാണ് ഖത്തറിലെ ബ്രദർഹുഡ് നേതാക്കൾക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. 

ഖത്തർ എയർവെയ്‌സ് ഓഫീസുകൾ അടച്ചുപൂട്ടി


റിയാദ് - സൗദിയിൽ പ്രവർത്തിക്കുന്ന ഖത്തർ എയർവെയ്‌സിന്‍റെ എട്ടു ഓഫീസുകളും അടച്ചുപൂട്ടി. സൗദി എയർപോർട്ടുകളിലേക്ക് സർവീസുകൾ നടത്തുന്നതിന് ഖത്തർ എയർവെയ്‌സിന് നൽകിയ ലൈസൻസുകൾ റദ്ദാക്കിയ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഖത്തർ എയർവെയ്‌സ് ഓഫീസുകൾ 48 മണിക്കൂറിനകം അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരുന്നു. ഈ സമയം ഇന്നലെ അവസാനിച്ചു. ടിക്കറ്റ് പണം തിരികെ ലഭിക്കുന്നതിന് ഖത്തർ എയർവെയ്‌സ് വെബ്‌സൈറ്റ് വഴി ആശയ വിനിമയം നടത്തണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് ഓഫീസുകൾക്കു മുന്നിൽ പതിച്ചിട്ടുണ്ട്.


 

Latest News