തിരുവനന്തപുരം - ജനാധിപത്യ മതേതര ചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി.
സി.പി.എമ്മിന് നൽകുന്ന ഓരോ വോട്ടും പരോക്ഷമായി ബി.ജെ.പിക്ക് ഗുണം ചെയ്യും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ കോൺഗ്രസിന്റെ അംഗസംഖ്യ ലോക്‌സഭയിൽ വർധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടും. ജനാധിപത്യം വിജയിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. ജനങ്ങൾക്ക് ഒരുപയോഗമില്ലാത്ത ഭരണമാണ് മോഡിയുടേത്. അഞ്ചു വർഷത്തെ ഭരണം കൊണ്ട് മോഡി ജനങ്ങളെ വഞ്ചിച്ചു.
നമ്മൾ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും നിലനിർത്താനുള്ള പോരാട്ടമാണ് നടക്കുന്നത്. മോഡിക്ക് ഇനിയൊരു അവസരം നൽകുകയെന്ന മഠയത്തരം നാം കാട്ടിയാൽ ഭരണഘടനാ സ്ഥാപനങ്ങളെ പൂർണ്ണമായും ബി.ജെ.പി തച്ചുടയ്ക്കും. ബി.ജെ.പിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാൽ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോഡി നിരസിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിർമ്മിതിക്കായി ഗൾഫ് നാടുകൾ നൽകിയ 700 കോടി സ്വീകരിക്കുന്നതിൽ തടസ്സവാദം ഉന്നയിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സി.ഡി യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവിക്ക് നൽകി പ്രകാശനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി ശശി തരൂർ, വി.എം. സുധീരൻ, എം.എം. ഹസ്സൻ, കെ. മുരളീധരൻ, തമ്പാനൂർ രവി, വി.എസ്. ശിവകുമാർ, എൻ. പീതാംബരകുറുപ്പ്, എൻ. ശക്തൻ, എം. വിൻസന്റ്, ഷിബു ബോബി ജോൺ, അനൂപ് ജേക്കബ്, ശരത്ചന്ദ്ര പ്രസാദ്, സി.പി. ജോൺ, എൻ. ഷംസുദീൻ എം.എൽ.എ, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, ആർ. സെൽവരാജ്, എം.എ. വാഹിദ്, എ.ടി. ജോർജ്, സത്യപാലൻ, ജോർജ് മെഴ്‌സിയർ, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ പങ്കെടുത്തു.






