കണ്ണൂർ - കേരള രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങൾക്കു തിരികൊളുത്തിയ എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് തെരഞ്ഞെടുപ്പു ചൂടിനിടയിൽ കോൺഗ്രസിൽ പുതിയ കലാപത്തിനു വഴിമരുന്നിടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെ കണക്കറ്റ് വിമർശിക്കുന്ന പോസ്റ്റ് കഴിഞ്ഞ രാത്രിയാണ് അബ്ദുല്ലക്കുട്ടി ഫേസ് ബുക്കിലിട്ടത്. മണിക്കൂറുകൾക്കകം ഇതിനെതിരെ കടുത്ത വിമർശനമുയർന്നുവെങ്കിലും പോസ്റ്റ് പിൻവലിക്കാൻ അബ്ദുല്ലക്കുട്ടി തയാറായില്ല. തനിക്കു സീറ്റ് നിഷേധിക്കുകയും സ്ഥാനാർഥി നിർണയം വൈകുകയും ചെയ്യുന്നതിലെ വിഷമം മൂലമാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണം.
വടകരയും വയനാടും അടക്കമുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കാലതാമസം വരുത്തുന്ന നേതൃത്വത്തെ വിമർശിച്ച വി.എം.സുധീരനെതിരെയാണ് അബ്ദുല്ലക്കുട്ടി വിവാദ പോസ്റ്റിട്ടത്. 'ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ ഐ ഗ്രൂപ്പിൽ നിന്നും സു ഗ്രൂപ്പിലേക്കു മാറ്റി മാമോദീസ മുക്കിയ സുധീരൻ, ഗ്രൂപ്പ് മൊയലാളിമാരെ വിമർശിക്കേണ്ട' എന്നാരംഭിക്കുന്ന പോസ്റ്റിൽ, സുധീരന്റെ പ്രസ്താവനകളെ അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നുപോലും വിമർശിക്കുന്നുണ്ട്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം യുവ എം.എൽ.എ വി.ടി. ബൽറാമടക്കമുള്ളവർ പോസ്റ്റിനെതിരെ രംഗത്തു വരികയും വിവാദ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും അബ്ദുല്ലക്കുട്ടി തയാറായില്ല. മാത്രമല്ല, പോസ്റ്റ് പിൻവലിക്കില്ലെന്ന മറുപടിയും അബ്ദുല്ലക്കുട്ടി നൽകി. പോസ്റ്റ് വളരെ വേഗം വൈറലായി. രാത്രി 11.15 നിട്ട ഈ പോസ്റ്റിന് ഒരു മണിക്കൂറിനകം ആയിരം കമന്റും 119 ഷെയറും ലഭിച്ചു.
അബ്ദുല്ലക്കുട്ടിയുടെ വിവാദ പോസ്റ്റ് കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത വിഷമത്തിൽ, കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്‌കരിച്ച അബ്ദുല്ലക്കുട്ടി, രാത്രി തന്നെ വിവാദ പോസ്റ്റിട്ടതിനെതിരെ ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ രംഗത്തെത്തി. വിവാദ പ്രസ്താവനകൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം നിലനിൽക്കെയാണ് നിർണായക ഘട്ടത്തിൽ കോൺഗ്രസിനകത്ത് കലാപമാണെന്ന് രാഷ്ട്രീയ എതിരാളികളെകൊണ്ട് പറയിപ്പിക്കുന്ന വിധത്തിൽ അബ്ദുല്ലക്കുട്ടി വിവാദ പോസ്റ്റിട്ടതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. എന്നാൽ ആരും പരസ്യ പ്രസ്താവനക്കു തയാറായില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട്, വടകര മണ്ഡലങ്ങളിൽ ഒന്നിൽ അബ്ദുല്ലക്കുട്ടിക്കു സീറ്റ് ലഭിക്കുമെന്ന് നേതൃത്വം സൂചന നൽകിയിരുന്നു. കണ്ണൂരിൽ സുധാകരൻ മത്സരിക്കാത്ത സാഹചര്യത്തിൽ വിജയ സാധ്യതയുള്ള അബ്ദുല്ലക്കുട്ടിക്കു നറുക്കു വീഴുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം സുധാകരൻ മത്സരത്തിനു സന്നദ്ധമായതോടെ അബ്ദുല്ലക്കുട്ടിയെ കാസർകോട്ടോ വടകരയോ പരിഗണിക്കുമെന്നാണ് കരുതിയത്. അവസാന നിമിഷം, കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ എത്തിയതോടെ നിരാശനായ അബ്ദുല്ലക്കുട്ടി കെ. സുധാകരന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ബഹിഷ്‌കരിച്ചാണ് പ്രതിഷേധിച്ചത്. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റിട്ടത്. നിലവിൽ അബ്ദുല്ലക്കുട്ടിക്ക് പാർട്ടിയിൽ ഭാരവാഹിത്വമൊന്നുമില്ല. പള്ളിക്കുന്നിലെ 14 ാം നമ്പർ ബൂത്തിൽ മാത്രം തന്റെ രാഷ്ട്രീയ പ്രചാരണം ഒതുക്കുമെന്ന് അബ്ദുല്ലക്കുട്ടി അടുത്ത പലരോടും വ്യക്തമാക്കിയിരുന്നു.
അതേസമയം, അബ്ദുല്ലക്കുട്ടിക്കെതിരെ കോൺഗ്രസ്സിൽ പ്രതിഷേധം ശക്തമാവുകയാണ്. പാർട്ടിയിലെത്തി ചുരുങ്ങിയ സമയത്തിനകം ഒരു തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും അവസരം നൽകിയിട്ടും അബ്ദുല്ലക്കുട്ടിക്കു തൃപ്തിയായില്ലെന്നും എപ്പോഴും വിവാദമുണ്ടാക്കി പാർട്ടിയുടെ പ്രതിഛായ തകർക്കാനാണ് അബ്ദുല്ലക്കുട്ടി ശ്രമിച്ചതെന്നുമാണ് ആരോപണം.
അതേസമയം, തന്നോട് മത്സരിക്കാൻ തയാറായിക്കൊള്ളാൻ പല നേതാക്കളും നേരത്തെ പറഞ്ഞിരുന്നുവെന്നും എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിലെ വിഷമം കാരണമാണ് ഫേസ് ബുക്‌പോസ്റ്റിട്ടതെന്നുമാണ് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണം.






