കോട്ടയം- ബി.ജെ.പി സ്ഥാനാർഥി പട്ടികയിലും അപ്രതീക്ഷിത മാറ്റം ഉണ്ടാകുമെന്ന് സൂചന. പട്ടിക പ്രഖ്യാപനം നീളുകയും പത്തനംതിട്ട ഉൾപ്പടെ ഏറെ പേർ സ്ഥാനാർഥി മോഹം പ്രകടിപ്പിച്ച് എത്തുകയും ചെയ്തതോടെയാണ് ബി.ജെ.പി പട്ടിക ആകെ പൊളിച്ചെഴുതുന്നതത്രെ. സുരേന്ദ്രനെ ആറ്റിങ്ങലിലേക്ക് മാറ്റിയേക്കും. പത്തനംതിട്ടയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റോ അപ്രതീക്ഷിത സ്ഥാനാർഥിയോ ആയിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കോൺഗ്രസിലെ അതിശക്തരായ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കിയതിന് പിന്നിൽ ഇത്തരത്തിലുളള സൂചനയാണ് ഉളളതെന്നാണ് കണക്കുകൂട്ടുന്നത്. ടോം വടക്കൻ എ.ഐ.സി.സിയിൽനിന്നു ബി.ജെ.പിയിലേക്ക് മാറിയതോടെയാണ് സ്ഥാനാർഥി നിർണയ ചർച്ചകളിൽ വീണ്ടും മാറ്റം വന്നത്. മലയാളിയായ വടക്കന്റെ ചില നിർദേശങ്ങളും ബി.ജെ.പി ദേശീയ നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവരാനുളള നീക്കവും സജീവമാണത്രെ.പിന്നാലെ ചില കോൺഗ്രസിലെ മുതിർന്ന നേതാക്കളും ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ സ്ഥാനാർഥികളായി ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കെ.പി.സി.സി നിർവാഹക സമിതിയിൽപ്പെട്ടവർ അടക്കം ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് പി.എസ് ശ്രീധരൻപിള്ള വ്യക്തമാക്കിയിട്ടുണ്ട്. പേര് കേട്ടാൽ അതിശയം തോന്നുന്ന പലരും ബി.ജെ.പിയിൽ ചേരാൻ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് നേരത്തെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനും വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് ബി.ജെ.പി ദേശീയ നേതൃത്വം കാണുന്നത്. ഇതിൻെറ ഭാഗമായാണ് മത്സരിക്കാൻ തയാറാകാതിരുന്ന തുഷാർ വെള്ളാപ്പള്ളിയെ അടക്കം ദൽഹിയിലേക്ക് വിളിപ്പിച്ച് മത്സരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്. തുഷാറിന് ജയസാധ്യതയുള്ള തൃശൂർ നൽകിയതിനൊപ്പം മറ്റു ചില മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ പി.സി തോമസും പത്തനംതിട്ടയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയും ജയസാധ്യതയുള്ളവരാണെന്നാണ് പാർട്ടി വിലയിരുത്തൽ. ഇവിടെ ഒരു കോൺഗ്രസ് നേതാവ് തന്നെ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള കുമ്മനം രാജശേഖരനെയും ആറ്റിങ്ങൽ കെ. സുരേന്ദ്രനെയും മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്.






