ദുബായ്- കനത്ത മഴയും കാറ്റുംമൂലം യു.എ.ഇയിലും ഒമാനിലും നിരവധി വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. നൂറുകണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
തിങ്കളാഴ്ച പുലര്‍ച്ചെ 10 വിമാനങ്ങളാണ് ദുബായില്‍ നിന്ന് വഴിതിരിച്ചുവിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലാണ് ഇവ ലാന്‍ഡ് ചെയ്തത്.
ദുബായ് എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ശേഷം ഈ വിമാനങ്ങള്‍ ദുബായിലേക്ക് കൊണ്ടുവന്ന് യാത്രക്കാരെ ഇറക്കി.
കൊല്‍ക്കൊത്തയില്‍നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന്‍ തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ: ഞായര്‍ അര്‍ധരാത്രി ദുബായില്‍ ഇറങ്ങേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ മസ്കത്തിലേക്ക് തിരിച്ചുവിട്ടു. അവിടെ ചെന്നപ്പോള്‍ കാറ്റും മഴയും. പിന്നീട് അല്‍ഐനിലേക്ക് വിട്ടു. അവിടെ നാല് മണിക്കൂര്‍ റണ്‍വേയില്‍ കിടന്നു. കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാനുള്ള അമ്പതോളം യാത്രക്കാര്‍ ഈ വിമാനത്തിലുണ്ടായിരുന്നു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എമിറേറ്റ്‌സ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു.






