മനാമ - ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കുവൈത്ത് അമീർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഖത്തറിന് മാത്രമായിരിക്കുമെന്ന് ബഹ്റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. പ്രതിസന്ധിക്ക് അറുതിയുണ്ടാക്കുന്നതിന് കുവൈത്ത് അമീർ നടത്തുന്ന ശ്രമങ്ങളുടെ വിജയ സാധ്യത ഖത്തർ നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കാതിരുന്നാൽ അതിന്റെ ഉത്തരവാദിത്തം ഖത്തറിനാകും. കാരണം, എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിന് ശൈഖ് സ്വബാഹിന് അവർ അവസരം നൽകിയില്ല. മധ്യസ്ഥ ശ്രമങ്ങളുടെ വിജയവും നേട്ടങ്ങളും വഹിക്കേണ്ടത് ഖത്തറാണ്.
ഖത്തർ പിന്തുടരുന്ന രാഷ്ട്രീയവും പ്രവർത്തന ശൈലിയും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് തങ്ങളെയാണ്. ബഹ്റൈനെ ലക്ഷ്യമിടുന്ന ദേശ വിരുദ്ധർക്കും ഭീകര സംഘടനകൾക്കും പിന്തുണ നൽകി ഖത്തർ ഗൂഢാലോചനകൾ നടത്തി. ബഹ്റൈന് അപകീർത്തിയുണ്ടാക്കുന്ന മാധ്യമ പ്രചാരണവും ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായി. രാഷ്ട്രീയ നയനിലപാടുകളിൽ മാറ്റങ്ങൾ വരുത്തുകയാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഖത്തർ ചെയ്യേണ്ടത്. ഗൾഫ് രാജ്യങ്ങളുടെ ഒന്നാം നമ്പർ ശത്രുവായ ഇറാനിൽ നിന്ന് ഖത്തർ അകന്നുനിൽക്കുകയും വേണം.
20 ഓ 21 ഓ വർഷമായി ബഹ്റൈനെതിരെ ഖത്തർ നിരന്തരം പ്രവർത്തിക്കുന്നു. 2011 ൽ ബഹ്റൈനിൽ ദേശ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ദേശവിരുദ്ധർക്കു വേണ്ടിയാണ് ഖത്തർ നേതാക്കൾ സംസാരിച്ചത്. അൽജസീറ ചാനൽ ബഹ്റൈനെയും ബഹ്റൈനികളെയും ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തി. ബഹ്റൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മനുഷ്യാവകാശ സംഘടനകളെ ഖത്തർ പ്രേരിപ്പിച്ചതായും ബഹ്റൈൻ വിദേശ മന്ത്രി പറഞ്ഞു.






