കേരളത്തിൽ സോഷ്യലിസ്റ്റുകൾ മത്സരിക്കാത്ത തെരഞ്ഞെടുപ്പ് 

തിരുകൊച്ചി രാഷ്ട്രീയത്തിന്റെ പുഷ്‌കല കാലത്ത്  വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കായി 27 എം.എൽ.എമാരുണ്ടായിരുന്നുവെന്ന അറിവ് ഇപ്പോൾ അവിശ്വസനീയമായി തോന്നാം. രാഷ്ട്രീയത്തിലെ ഈ മെലിഞ്ഞ ആനയെ ഇത്തവണ പക്ഷേ അവരുടെ സ്വാഭാവിക സഖ്യകക്ഷികൾ  ചേർന്ന് തൊഴുത്തിൽ കെട്ടിയെന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ. സോഷ്യലിസ്റ്റുകൾ മത്സരിക്കാത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണിപ്പോൾ കേരളത്തിൽ നടക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സജീവതയായിരുന്നു ഒരു കാലത്ത് സോഷ്യലിസ്റ്റ്  പാർട്ടികൾ. 1934 ൽ ഇന്ത്യയിൽ പിറവി കൊണ്ട പാർട്ടിയുടെ അമരത്തുണ്ടായിരുന്നത്, ഇന്ത്യയിങ്ങുതരൂ ഞങ്ങൾ കൊണ്ടുനടന്നോളാം എന്ന ചങ്കൂറ്റവുമായി നെഞ്ച് വിരിച്ചു നടന്ന ജയപ്രകാശ് നാരായണനും, ഡോ.രാം മനോഹർ ലോഹ്യയും, ആചാര്യ നരേന്ദ്ര ദേവുമൊക്കെ. കേരള രാഷ്ട്രീയത്തിലും അവർ ശക്തമായും ദുർബലാവസ്ഥയിലും നിലനിന്നു പോന്നു. തളർച്ചകളുടെ പാരമ്യത്തിലും പിളരാൻ അവർക്കൊരു മടിയുമുണ്ടായിരുന്നില്ല. 
അഭിപ്രായമുള്ളവരുടെ സംഘടനയാകുമ്പോൾ പിളർന്നെന്ന് വരും എന്നത് അവരുടെ എല്ലാ കാലത്തെയും ന്യായം. കേരളത്തിലും തലയെടുപ്പുള്ള നേതാക്കളുണ്ടായിരുന്നു ആ പാർട്ടിക്ക്.  പട്ടം താണുപിള്ള, മത്തായി മാഞ്ഞുരാൻ, ഡോ. കെ.ബി.മേനോൻ, എൻ. ശ്രീകണ്ഠൻ നായർ, പി. വിശ്വംഭരൻ, പി.കെ.കുഞ്ഞു സാഹിബ് അരങ്ങിൽ ശ്രീധരൻ... ആ തലയെടുപ്പുകളുടെ നിര നീണ്ടതാണ്. തിരുകൊച്ചി രാഷ്ട്രീയത്തിന്റെ പുഷ്‌കല കാലത്ത്  വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കായി 27 എം.എൽ.എമാരുണ്ടായിരുന്നുവെന്ന അറിവ് ഇപ്പോൾ അവിശ്വസനീയമായി തോന്നാം. രാഷ്ട്രീയത്തിലെ ഈ മെലിഞ്ഞ ആനയെ ഇത്തവണ പക്ഷേ അവരുടെ സ്വാഭാവിക സഖ്യകക്ഷികൾ  ചേർന്ന് തൊഴുത്തിൽക്കെട്ടിയെന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ. സോഷ്യലിസ്റ്റുകൾ മത്സരിക്കാത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇങ്ങനെയൊരവസ്ഥ വന്നതിൽ ആ പാർട്ടിയുടെ അവശിഷ്ട അണികൾക്ക് കടുത്ത വേദനയുണ്ടാകുമെന്നുറപ്പ്. അതവർ പുറത്ത് കാണിക്കാത്തതിന് കാരണം പലതാകാം. പ്രധാന കാരണം എം.പി. വീരേന്ദ്ര കുമാറിന്റെ നിലപാടു തന്നെ. ജീവിച്ചിരിക്കുന്നവരിൽ വീരേന്ദ്ര കുമാറിനോളം തലയെടുപ്പുള്ള മറ്റൊരു സോഷ്യലിസ്റ്റ് ഇന്ന് കേരളത്തിലില്ല. അദ്ദേഹം രാജ്യസഭാ എം.പിയാണ്. 
ഒരുപാട് പോരിനൊടുവിൽ ഇടതു പിന്തുണയിൽ നേടിയ പദവി വഹിച്ചുകൊണ്ട് ലോക്‌സഭാ സീറ്റിനു വേണ്ടി വിലപേശാൻ അദ്ദേഹത്തിനാവുമായിരുന്നില്ല. ഫലമാകട്ടെ  സോഷ്യലിസ്റ്റുകൾ മത്സരിക്കാത്ത തെരഞ്ഞെടുപ്പ് എന്ന അവസ്ഥ വന്നു ചേർന്നു.   സി.പി.എമ്മും സി.പി.ഐയും ഇത്തവണ മുഴുവൻ സീറ്റുകളും സ്വന്തമാക്കിയതിന്റെ കാരണം ആ പാർട്ടികളുടെ നിലനിൽപുമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. ബംഗാൾ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അവരുടെ പൂർവാവസ്ഥ നേടിയെടുക്കാനുള്ള ഏക വഴി. ബംഗാൾ വിജയ വിഷയത്തിൽ തുരങ്കത്തിന്റെ അങ്ങേയറ്റത്ത് പോലും ഇത്തിരി വെളിച്ചം അടുത്തൊന്നും കാണുന്ന മട്ടില്ല. പാർട്ടി കമ്മറ്റികൾ പോലും ചേരാനാകാത്ത സ്ഥിതിയാണവിടെ സി.പി.എം എന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ അവസ്ഥ അതാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമേ അവർക്ക് യോഗങ്ങൾ പോലും നടത്താൻ സാധിക്കുകയുള്ളൂ. അല്ലാത്ത സ്ഥലങ്ങളിൽ നടത്തിയാൽ എതിർ പാർട്ടിക്കാർ അടിച്ചൊതുക്കും. ചിലപ്പോൾ കൊന്നെന്നും വരും. സി.പി.ഐയുടെ ബംഗാൾ അവസ്ഥയും അതു തന്നെ. 
1966 മുതൽ പ്രസിദ്ധീകരിച്ചിരുന്ന പാർട്ടി പത്രം പോലും (കലാന്തർ) അടുത്ത കാലത്ത് പൂട്ടി. സത്യജിത്‌റായി രൂപകൽപന ചെയ്ത മാസ്റ്റ് ഹെഡുമായി കാലമിത്രയുമായി നില നിന്ന ആ പത്രവും ഇന്നില്ല. ഇക്കുറി കേരളത്തിലെ സീറ്റുകൾ മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ കൈക്കൊണ്ട തീരുമാനത്തിന്റെ കാരണം ഇതൊക്കെ തന്നെ. 20 ൽ പതിനെട്ടും ജയിച്ച 2004 ആണ് ആ പാർട്ടികൾ മനസ്സിൽ കാണുന്നത്. പ്രചാരണവും അതു തന്നെ. ജീവന്മരണ പോരാട്ടത്തിനിടക്ക്  വൈകാരികതക്കൊന്നും ഒരു സ്ഥാനവുമില്ല. അതുകൊണ്ട് തന്നെ എല്ലാ സഹചാരികളെയും അവർ കൈയൊഴിഞ്ഞു. കൂട്ടത്തിൽ ആദർശ ഐക്യമുള്ള സോഷ്യലിസ്റ്റുകളും പെട്ടപ്പോൾ ഒന്നുറക്കെ അത് പറയാൻ പോലും ആർക്കുമാകാത്ത സ്ഥിതി. വീരേന്ദ്ര കുമാർ മത്സര രംഗത്തുണ്ടാകേണ്ട സമയത്തായിരുന്നു ഇങ്ങനെ ഒരവസ്ഥ വന്നതെങ്കിൽ അദ്ദേഹത്തിന്റെ വാചാലതക്കു മുന്നിൽ മറുപക്ഷം കീഴടങ്ങേണ്ടി വരുമായിരുന്നു. ഇതിപ്പോൾ മനയത്ത് ചന്ദ്രനെയും മടവൂർ സലീമിനെയുമൊക്കെ പോലുള്ള ദുർബലരെ, അവർ ഇനി എത്ര വലിയ സോഷ്യലിസ്റ്റുകളാണെങ്കിലും ആർക്കു വേണം?
 

Latest News