എതിരാളി ആരാണെന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. നിലപാടുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് -ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മലയാളം ന്യൂസിനോട്
പാലക്കാട്- സിനിമാ ശൈലിയിൽ പറഞ്ഞാൽ ഒരു മാസ് എൻട്രിയായിപ്പോയി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുടേത്. സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്ന ആലത്തൂരിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയ രമ്യ ഹരിദാസാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ താരം. മികച്ച പ്രസംഗകയും അതിലും നല്ല ഗായികയുമായ ഈ 32 കാരിയുടെ പ്രസംഗങ്ങളും പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ആലത്തൂർ പോലുള്ള ഒരു മണ്ഡലത്തിൽ സ്വപ്‌നതുല്യമായ തുടക്കം. തുടർച്ചയായി രണ്ടു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ബിജുവാണ് എതിരാളി എന്നതൊന്നും ഈ തുടക്കക്കാരിയെ അലട്ടുന്നില്ല. യു.ഡി.എഫിന് മികച്ച വിജയ സാധ്യതയുള്ള സീറ്റ് തന്നെയാണ് ആലത്തൂർ എന്ന് രമ്യ പറയുന്നു. പാലക്കാട്ട് വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണനെ കണ്ട് ആശീർവാദം വാങ്ങിയാണ് രമ്യ ഹരിദാസ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. തിരക്കിനിടയിൽ രമ്യ മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.
? ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥി ചർച്ചകളുടെ തുടക്കത്തിലൊന്നും രമ്യയുടെ പേർ കണ്ടിരുന്നില്ല. സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണോ?
- അങ്ങനെ പറയാമോ എന്നറിയില്ല. എന്നെ സംബന്ധിച്ച് പാർട്ടി എന്തു പറയുന്നുവോ അത് അനുസരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നേതൃത്വം ആവശ്യപ്പെട്ടു. അതനുസരിക്കുന്നു. അതിൽ കൂടുതലായി എന്തെങ്കിലും കാണുന്നില്ല. സ്ഥാനാർഥിയാക്കിയതിൽ സന്തോഷം ഉണ്ട്.
? കോൺഗ്രസ് എപ്പോഴും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളാണ് വനിതകൾക്കായി നീക്കിവെക്കുന്നത് എന്ന ആരോപണം പതിവാണ്. സി.പി.എമ്മിന്റെ ഉറച്ച മണ്ഡലത്തിൽ തോൽക്കാൻ വേണ്ടിയാണ് രമ്യയെ കൊണ്ടുവന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. എങ്ങനെ കാണുന്നു?
- ആരു പറഞ്ഞു ആലത്തൂർ എൽ.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണ് എന്ന്. കോൺഗ്രസിനും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും ഏറെ വളക്കൂറ് ഉള്ള മണ്ണ് തന്നെയാണ് ഇത്. ആലത്തൂരിൽ യു.ഡി.എഫിന്റെ വിജയത്തിനുള്ള എല്ലാ സാധ്യതകളും രൂപം കൊണ്ടിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവൻ മുന്നണിക്ക് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നതിന്റെ ആനുകൂല്യവും ഗുണം ചെയ്യും.
? തുടർച്ചയായി രണ്ടു തവണ ആലത്തൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആളാണ് പ്രധാന എതിരാളി എന്നത് വെല്ലുവിളിയായി കാണുന്നുണ്ടോ?
- എതിരാളി ആരാണെന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. നിലപാടുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾ എത്ര ഫലപ്രദമായി മുന്നോട്ടു വെക്കാൻ കഴിയുന്നു എന്ന കാര്യത്തിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. ബി.ജെ.പിയെ കേന്ദ്ര ഭരണത്തിൽനിന്ന് പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു ഭരണ സംവിധാനത്തിനേ കഴിയൂ എന്ന മുദ്രാവാക്യമാണ് ഞങ്ങൾ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. സ്വാഭാവികമായും കേരളത്തിലെ ജനവിരുദ്ധ സർക്കാരിന്റെ പ്രവർത്തനങ്ങളും ചർച്ചയായി മാറും.
? ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമോ?
- ശബരിമല വിഷയത്തിൽ കോൺഗ്രസും മുന്നണിയും എടുത്ത നിലപാട് എല്ലാവർക്കും അറിയാം. ഭരണഘടനയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളും സ്വാതന്ത്ര്യങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്നതാണ് അത്. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ കാണിച്ച വീഴ്ച സ്വാഭാവികമായും തെരഞ്ഞെടുപ്പ് വേളയിലും ചർച്ചയാകും.
? രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ ഉയർന്നു വന്ന നേതാവാണ് താങ്കൾ. ഇന്റർവ്യൂവിലൂടെയും പരീക്ഷയിലൂടെയുമെല്ലാം നേതാക്കൾ വരുന്നത് എത്ര കണ്ട് ഗുണകരമാണ്?
-പരീക്ഷയിലൂടെ ഉയർന്നു വന്ന നേതാവല്ല ഞാൻ. വിദ്യാർഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്ന എനിക്ക് ടാലന്റ് ഹണ്ട് പരിപാടി ഏറെ ഗുണം ചെയ്തു എന്നത് സത്യമാണ്. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റി വ്യത്യസ്തമായ രീതിയിൽ നിരവധി പരിപാടികളിൽ പങ്കെടുക്കാൻ എനിക്ക് അവസരം തന്നിട്ടുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നൂതനമായ ആശയങ്ങൾ പാർട്ടിക്കും പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും ഏറെ പ്രചോദനം ആവുന്നുണ്ട് എന്നതാണ് അനുഭവം.
? ആലത്തൂരിലെ വോട്ടർമാർക്കു മുന്നിൽ എന്തു വാഗ്ദാനമാണ് വെക്കുന്നത്?
- സംസ്ഥാനത്ത് സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ആലത്തൂർ മണ്ഡലം എന്ന് മുമ്പ് തന്നെ അറിയാം. സ്ഥാനാർഥിയായി എത്തിയതോടെ കൂടുതൽ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടു. എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാം എന്ന വാഗ്ദാനമൊന്നും മുന്നോട്ടു വെക്കുന്നില്ല. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച അനുഭവത്തിന്റെ കരുത്ത് ഉണ്ട്. തൊഴിൽ മേഖലയിൽ കൂടുതൽ അവസരം സൃഷ്ടിക്കാനും സുസ്ഥിര വരുമാനം ഉറപ്പു വരുത്താനുമുള്ള പദ്ധതികൾക്കാണ് ജയിച്ചാൽ മുൻതൂക്കം കൊടുക്കുക എന്നതു മാത്രമേ എല്ലാവരോടും പറയാനുള്ളൂ.
? നവമാധ്യമങ്ങളിലെ താരമായാണല്ലോ രമ്യ അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമോ?
- ആർക്കും അവഗണിക്കാനാവാത്ത സംവിധാനമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. ഏറെക്കാലമായി അതിലെല്ലാം ഞാൻ സജീവമാണ്. പുതിയ വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാൻ അതിലൂടെ കഴിയുമെങ്കിൽ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാനാണ് തീരുമാനം.






