ടോം വടക്കനെ കിട്ടിയില്ല,  തെറി മുഴുവന്‍  ടോമിച്ചന്‍ മുളകുപാടത്തിന് 

കൊച്ചി: കാര്യമറിഞ്ഞില്ലെങ്കിലും വഴിയേ പോന്നവരെല്ലാം കൊട്ടുന്ന ചെണ്ടയായി സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞു. കാള പെറ്റെന്നു കേള്‍ക്കുന്നതിന് മുമ്പേ കയറുമായി ഓടുന്നവരാണ് സോഷ്യല്‍മീഡിയയുടെ ശാപം. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനിടെ മലയാളിയായ എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തില്‍ സോഷ്യല്‍ മീഡിയയില്‍ തെറി മുഴുവന്‍ കേള്‍ക്കുന്നത് പുലിമുരുകന്‍ അടക്കമുള്ള മെഗാഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്.
ടോം വടക്കന്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കമന്റുകളായി 'രോഷം' പുകയുകയാണ്. വരുന്ന കമന്റുകള്‍ ട്രോള്‍ രൂപത്തിലാണെന്ന് മാത്രം. ആളു മാറിയതല്ല മനപൂര്‍വ്വം ഒരു രസത്തിന് കുറേ പേര്‍ ഇറങ്ങി തിരിച്ചതെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ കൂടുതലും കുമിഞ്ഞു കൂടുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് ഏറ്റവും ഒടുവില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് പുറത്തിറങ്ങിയ ചിത്രം.

Latest News