വടക്കൻ 'വീരഗാഥ': ജവാന്മാരെ മറയാക്കി കൂറുമാറ്റം, തിരിഞ്ഞുകുത്താൻ സ്വന്തം ട്വീറ്റുകൾ

ടിക്കറ്റ് കിട്ടാതെ വന്നതോടെ കോൺഗ്രസ് വണ്ടിയിൽ നിന്നിറങ്ങിയ പാർട്ടിയുടെ ദേശീയ വക്താവ് ടോം വടക്കനു വേണ്ടി ബി.ജെ.പി കേരളത്തിലെ മൂന്നു മണ്ഡലങ്ങൾ പരിഗണിക്കുന്നു. തൃശൂരിനും എറണാകുളത്തിനുമാണ് പരിഗണന. ഇടുക്കിയും പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച വരെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ കയറിപ്പറ്റാനായി സർവശ്രമവും നടത്തി പരാജയപ്പെട്ടപ്പോഴാണ് വടക്കൻ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. 
ക്രിസ്തീയ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കാൻ ടോം വടക്കന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. അൽഫോൺസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയിൽ അംഗമാക്കി നേരത്തെ തന്നെ ക്രിസ്ത്യാനികളുടെ വിശ്വാസം നേടാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. 
പുൽവാമ ഭീകരാക്രമണമാണ് കൂറുമാറ്റത്തിന് വടക്കൻ മറയാക്കിയത്. പാക്കിസ്ഥാനി ഭീകരർ നമ്മുടെ മണ്ണ് ആക്രമിച്ചപ്പോൾ സ്വന്തം പാർട്ടിയുടെ പ്രതികരണം സങ്കടപ്പെടുത്തിയെന്ന് വടക്കൻ പറഞ്ഞു. സായുധ സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് എന്നെ വല്ലാതെ മുറിപ്പെടുത്തി. ആ വേദനയാണ് പാർട്ടി മാറാൻ പ്രേരിപ്പിച്ചത് -വടക്കൻ പറഞ്ഞു. 
കഴിഞ്ഞ ദിവസങ്ങളിൽ സ്വയം നടത്തിയ പ്രസ്താവനകൾ പക്ഷെ വടക്കന് പാരയായേക്കും. മാർച്ച് ഏഴിന് വടക്കൻ നടത്തിയ ട്വീറ്റ് ഇങ്ങനെയായിരുന്നു: 'ഉത്തർപ്രദേശിലെ ജനങ്ങൾ ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും കള്ളങ്ങൾ തിരിച്ചറിയണം. വിവിധോദ്ദേശ്യത്തിലാണ് അവർ കള്ളം പറയുന്നത്. കള്ളത്തരത്തിന്റെ സർജിക്കൽ സ്‌ട്രൈക്കാണ് അവർ നടത്തുന്നത്'.
ബി.ജെ.പിയിലേക്ക് മുൻ ബി.ജെ.ഡി നേതാവ് ജയ് പാണ്ഡ കൂറുമാറിയപ്പോൾ വടക്കൻ ട്വിറ്ററിലൂടെ അതിനെ പരിഹസിച്ചിരുന്നു. 'ഏതെങ്കിലും രാഷ്ട്രീയക്കാരനെതിരെ ഐ.ടി/കള്ളപ്പണ കേസ് വരുമ്പോൾ അയാൾ എന്താണ് ചെയ്യുക? അവർ ബി.ജെ.പിയിൽ ചേരും'. ബി.ജെ.പിയിൽ ചേർന്നാൽ സർവപാപവും ശുദ്ധമാവുമെന്ന് മറ്റൊരു ട്വീറ്റിലൂടെ കളിയാക്കി. 
കഴിഞ്ഞ ദിവസങ്ങളിൽ വടക്കന്റെ ട്വിറ്റർ ഹാന്റിൽ നിന്നുണ്ടായ എല്ലാ പ്രതികരണങ്ങളും ബി.ജെ.പിക്കെതിരെയായിരുന്നു. എന്നാൽ പാർട്ടി വക്താവെന്ന നിലയിൽ പാർട്ടി നിലപാട് പ്രഖ്യാപിക്കുകയായിരുന്നു താനെന്നാണ് വടക്കന്റെ നിലപാട്. 
ഇന്നലെ വരെ മോഡിയെയും അദ്വാനിയെയും ഇടിച്ചുതാഴ്ത്തുകയായിരുന്നു വടക്കനെന്നും മോഡിക്കും അദ്വാനിക്കും അദ്ദേഹത്തെക്കുറിച്ച് എന്തു പറയാനുണ്ടെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല ചോദിച്ചു. 
രാജീവ്ഗാന്ധിയുടെ സഹായിയായിരുന്ന വിൻസന്റെ ജോർജ് വഴിയാണ് വടക്കൻ കോൺഗ്രസിലെത്തിയത്. സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചയുടനെ അവരുടെ സഹായിയായി പ്രവർത്തിച്ചു. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് കോൺഗ്രസ് മീഡിയ സെല്ലിന്റെ ഭാഗമായത്. വടക്കനെ ഗാന്ധി കുടുംബത്തിനെതിരായ ആയുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കും.
തൃശൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ പലതവണ വടക്കൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും വിജയസാധ്യതയില്ലെന്നു പറഞ്ഞ് തഴയപ്പെട്ടു. 
നാലു തവണ ബംഗാളിൽ എം.എൽ.എയായ അർജുൻ സിംഗും തൃണമൂൽ കോൺഗ്രസ് ടിക്കറ്റ് നൽകാത്തതിനെത്തുടർന്ന് ബി.ജെ.പിയിലെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് വിവിധ പാർട്ടികളിലെ മുപ്പത്തഞ്ചോളം നേതാക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി റാഞ്ചിയത്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തുമെന്നും സൂചനയുണ്ട്. ഇവർക്കെല്ലാം ടിക്കറ്റ് നൽകാനാണ് പാർട്ടി തീരുമാനം. അർജുൻ സിംഗിനെ ബാരക്പൂരിൽ ദിനേശ് ത്രിവേദിക്കെതിരെയാണ് മത്സരിപ്പിക്കുക. 
അർജുൻ സിംഗിനെ ടി.എം.സി എം.പി അഭിഷേക് ബാനർജി വെല്ലുവിളിച്ചു. 'സിംഗ് വലിയ നേതാവാണെങ്കിൽ ബാരക്പൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കട്ടെ. രണ്ട് ലക്ഷത്തിലേറെ വോട്ടിന് ഞങ്ങൾ ജയിക്കും'.
ചൊവ്വാഴ്ച ടി.എം.സിയുടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോൾ മമതയുടെ കൂടെ അർജുൻ സിംഗുമുണ്ടായിരുന്നു. തനിക്കു പകരം ദിനേശ് ത്രിവേദിയെ പരിഗണിച്ചതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജനങ്ങൾക്ക് എന്നെയാണ് വേണ്ടത്. എന്നാൽ മമതയുടെ തീരുമാനം ദിനേശ് ത്രിവേദിയെ തന്നെ മത്സരിപ്പിക്കാനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരല്ല -അന്ന് മാധ്യമപ്രവർത്തകരോട് അർജുൻ സിംഗ് പറഞ്ഞു. പിറ്റേ ദിവസം നേരെ ദൽഹിയിലേക്ക് പറന്നാണ് ബി.ജെ.പി അംഗത്വമെടുത്തത്. യൂത്ത് കോൺഗ്രസ് കാലം മുതൽ മമതയോടൊപ്പം നിന്ന നേതാവാണ് അർജുൻ സിംഗ്. 
ബാരക്പൂരിൽ ദിനേശ് ത്രിവേദിയെ ജയിപ്പിക്കാൻ മുന്നിൽ നിൽക്കുമെന്ന് ബിജ്പൂരിലെ എം.എൽ.എ ശുഭ്രാംഗ്ശു റോയ് പ്രഖ്യാപിച്ചു. ബി.ജെ.പിയിലേക്ക് കൂറുമാറിയ മുകുൾ റോയിയുടെ മകനാണ് ശുഭ്രാംഗ്ശു.

Latest News