ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തില്‍ അവസാനത്തെ തലവേദനയും പരിഹരിച്ച് ബി.ജെ.പി. സീറ്റുകളുടെ പേരില്‍ ഇടഞ്ഞുനിന്നിരുന്ന അപ്നാ ദളാണ് ഒടുവില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) ഭാഗമായി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്ന് അമിത്ഷാ ട്വിറ്ററില്‍ പറഞ്ഞു.
യു.പിയില്‍ മുന്ന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടഞ്ഞുനിന്നിരുന്ന അപ്നാ ദള്‍ ഒടുവില്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത രണ്ട് സീറ്റ് സ്വീകരിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മിര്‍സാപുര്‍ സീറ്റില്‍ അനുപ്രിയ പട്ടേല്‍ മത്സരിക്കും. രണ്ടാമത്തെ സീറ്റിലെ സ്ഥാനാര്‍ഥിയെ ഇരു പാര്‍ട്ടികള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തി പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തിന്റെ പേരില്‍ ഈ വര്‍ഷം തുടക്കം മുതല്‍ അനുപ്രിയ പട്ടേല്‍ നിലപാട് കടുപ്പിച്ചിരുന്നു. മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തിയ ഓം പ്രകാശ് രാജഭര്‍ നേതൃത്വം നല്‍കുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യെ അനുനയിപ്പിക്കുന്നതില്‍ ബി.ജെ.പി നേരത്തെ വിജയച്ചിരുന്നു.
യു.പിയിലെ കുര്‍മി സമുദായ നേതാവായ അനുപ്രിയ പട്ടേല്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുമായി ഏതാനും മാസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. അപ്നാദളിന് സ്വന്തം വഴി തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സഖ്യം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും ബി.ജെ.പിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യാമാക്രമണം രാജ്യത്തെ ദേശീയവാദം പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റിയിട്ടുണ്ടെന്ന വിലയിരുത്തലാണ് എന്‍.ഡി.എയിലെ മറ്റുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയെ സഹായിക്കുന്നത്. ഇപ്പോള്‍ സഖ്യം വിട്ടുപോയി അവസരം നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. സീറ്റുകളുടെ പേരിലും മറ്റും ഇടയുന്ന ഘടകകക്ഷികളെ ആശ്വസിപ്പിക്കാനും കൂടെ നിര്‍ത്താനും അമിത് ഷാക്ക് സാധിക്കുന്നുവെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. 543 അംഗ ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 80 സീറ്റുള്ള ഉത്തര്‍പ്രദേശ് നിര്‍ണായകമാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ 71 ബി.ജെ.പി എം.പിമാരും രണ്ട് അപ്നാ ദള്‍ എം.പിമാരുമാണ് ലോക്‌സഭയിലെത്തിയത്.






