ഗുജറാത്തില്‍ ഊഞ്ഞാലാട്ടം, ചൈനയില്‍ കുനിയല്‍; 'ദുര്‍ബലന്‍' മോഡിക്ക് ചിന്‍പിങിനെ പേടിയെന്ന് രാഹുല്‍

ന്യൂദല്‍ഹി- ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ യുഎന്നില്‍ എതിര്‍ത്ത ചൈനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മിണ്ടാത്തത് എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ദുര്‍ബലനായ മോഡിക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിനെ ഭയമാണ്. ചൈന ഇന്ത്യയ്‌ക്കെതിരെ തിരിയുമ്പോള്‍ മോഡിയുടെ വായില്‍ നിന്ന് ഒരക്ഷരം പോലും വരുന്നില്ല- രാഹുല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തില്‍ ചിന്‍പിങിനൊപ്പം ഊഞ്ഞാലാടുക, ദല്‍ഹിയില്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുക, ചൈനയില്‍ ചെന്നാല്‍ കുനിയുക എന്നതാണ് മോഡിയുടെ ചൈന നയമെന്നും രാഹുല്‍ പരിഹസിച്ചു. മോഡിയുടെ വിദേശനയം ദുരന്തപൂര്‍ണ നയതന്ത്രമാണെന്ന് നേരത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു. 

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയുടെ തലവനായ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുറോപ്യന്‍ രാജ്യങ്ങളുടേയും യുഎസിന്റേയും ആവശ്യത്തെ യുഎന്‍രക്ഷാ സമിതിയില്‍ ചൈന കഴിഞ്ഞ ദിവസവും എതിര്‍ത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതു നാലാം തവണയാണ് മസൂദിനെ പ്രതിരോധിച്ച് ചൈന രംഗത്തെത്തുന്നത്. ഇതോടെ ഇന്ത്യ നടത്തിയ ആഗോള സമ്മര്‍ദ്ദ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും വ്യക്തമായിരുന്നു. 

Latest News