Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് പെരുവഴിയില്‍; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ സ്‌കൂളിലെത്തിയപ്പോള്‍.

പേരാമ്പ്ര- ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തപാല്‍വഴി അയക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടുപോകുമ്പോള്‍ ബൈക്കില്‍നിന്ന് വീണതാണെന്ന് കരുതുന്നു. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാജോലികളില്‍നിന്ന് നീക്കി. തുടരന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതുവഴിപോയ നാട്ടുകാരന് ലഭിച്ചത്. സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍  കുറ്റിവയലിലാണ് ഉത്തരക്കടലാസുകളുടെ കെട്ട് കണ്ടെത്തിയത്. വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസില്‍ എത്തിച്ച് അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്. കെട്ട് ലഭിച്ചയാള്‍ ഫോണ്‍വഴി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തി ഉത്തരക്കടലാസുകള്‍ സ്‌കൂളിലെത്തിക്കുകയായിരുന്നു.

ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ട സംഭവത്തില്‍ ജീവനക്കാരന്റെയടുത്ത് ഗുരുതര വീഴ്ചയുണ്ടായതിനാല്‍ പരീക്ഷാജോലികളില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ഡി. ഡി.ഇ. ഇ.കെ. സുരേഷ് കുമാര്‍ പറഞ്ഞു.
കെട്ടുകള്‍ സീല്‍ പൊട്ടാത്ത സ്ഥിതിയിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച സ്‌കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ ഇന്ന് തപാല്‍വഴി ബന്ധപ്പെട്ടവര്‍ക്ക് അയക്കും. രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാരന്‍ ഡി.ഡി.ഇ മുമ്പാകെ വിശദീകരിച്ചത്.  രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.

 

Latest News