തിരുവനന്തപുരം- അറബിക്കടലും സഹ്യാദ്രിയും അതിരുകൾ പങ്കിടുന്ന ആറ്റിങ്ങലിൽ ഇത്തവണ പോരാട്ടം തീപാറും. ജാതി, സാമുദായിക സാന്നിധ്യമടക്കം ജനവിധിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ ബലാബലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ.
കാൽനൂറ്റാണ്ടിലധികമായി അട്ടിമറികൾക്ക് ഇടനൽകാതെ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് നിൽക്കുന്ന മണ്ഡലമായ ആറ്റിങ്ങലിൽ സി.പി.എം സിറ്റിംഗ് എം.പി ഡോ.എ. സമ്പത്ത് തന്നെയാണ് സ്ഥാനാർഥി. ബന്ധു ബലത്തിന്റെയും രാഷ്ട്രീയ കരുത്തിന്റേയും പിൻബലമുള്ള സമ്പത്തിനെ തളക്കാൻ യു.ഡി.എഫ് മുൻ മന്ത്രി അടൂർ പ്രകാശിനെയാണ് രംഗത്തിറക്കാനൊരുങ്ങുന്നത്.
നിസ്സാരമെന്ന് കരുതിയ സ്ഥാനാർഥികൾ കേരള രാഷ്ട്രീയത്തിലെ വമ്പൻമാരെ അട്ടിമറിച്ച രാഷ്ട്രീയ പാരമ്പര്യം കൂടി മണ്ഡലത്തിന് പറയാനുണ്ട്. ആർ.ശങ്കറും വയലാർ രവിയും കെ.അനിരുദ്ധനുമെല്ലാം ഈ അനുഭവത്തിന് കൃത്യമായ സാക്ഷ്യങ്ങൾ. വയലാർ രവിയും തുലേക്കുന്നിൽ ബഷീറും അടക്കം ഹാട്രിക്കിന്റെ വക്കിലെത്തിയവർ നിരവധിയെങ്കിലും വർക്കല രാധാകൃഷ്ണനാണ് ആദ്യമായി ഹാട്രിക്ക് നേടിയത്. ഈഴവ സമുദായത്തിന്റെ ശക്തമായ സാന്നിധ്യത്തിനൊപ്പം ന്യൂനപക്ഷങ്ങളും പട്ടിക ജാതിവർഗ വിഭാഗങ്ങൾക്കും ശക്തമായ അടിത്തറയുളള മണ്ഡലമാണ് ആറ്റിങ്ങൽ. ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് ഇടതുപക്ഷമടക്കം പരീക്ഷിക്കുന്നത്. കെ.അരുദ്ധൻ, വർക്കല രാധാകൃഷ്ണൻ, സുശീലാഗോപാലൻ, എ.സമ്പത്ത് തുടങ്ങിയവർ വിജയം കണ്ടത് സാമുദായികമായി കൂടിയാണ്. കോൺഗ്രസ് വയലാർ രവിയെ പരീക്ഷിച്ചു വിജയിച്ചു. തലേക്കുന്നിൽ ബഷീർ, എ.എ.റഹീം എന്നിവരും ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് വിജയം കണ്ടവരാണ്.
നിയമസഭാ മണ്ഡലങ്ങളുടെ കാര്യമെടുക്കുമ്പോൾ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിൽ അരുവിക്കരയൊഴികെ ആറും ഇടതിനൊപ്പമാണ്. തുടർച്ചയായി രണ്ട് തവണയടക്കം മൂന്ന് പ്രാവശ്യം മണ്ഡലം കാത്ത എ.സമ്പത്താണ് പാർലമെന്റിൽ ആറ്റിങ്ങലിനെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. 1996 ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 48083 വോട്ടുകളുടെ മാർജിനിൽ പരാജപ്പെടുത്തിയാണ് സമ്പത്ത് ലോക്‌സഭയിലെത്തിയത്. 2009 ൽ ചിറയിൻകീഴ് മണ്ഡലം പേര് മാറി ആറ്റിങ്ങലായി. പുതിയ മണ്ഡലത്തിലും 2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ നറുക്ക് സമ്പത്തിനായിരുന്നു. കോൺഗ്രസിലെ ജി .ബാലചന്ദ്രനെയാണ് സമ്പത്ത് രണ്ടാമൂഴത്തിൽ തോൽപ്പിച്ചത്. 2014 ൽ 69,378 വോട്ടുകളുടെ മേൽകൈയിൽ കോൺഗ്രസിലെ ബിന്ദുകൃഷ്ണയെ തോൽപ്പിച്ചാണ് തന്റെ മൂന്നാം വരവ് രാജകീയമാക്കിയത്.
1991ന് ശേഷമുള്ള മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രയാണം ഇടതുചേർന്നാണെങ്കിലും 1971 മുതൽ 1991 വരെ കോൺഗ്രസിന്റെ കൈവെള്ളക്കുള്ളിലായിരുന്നു. 91ൽ സുശീലാ ഗോപാലനിലൂടെ ഇടതുപക്ഷം തിരികെ പിടിക്കുകയായിരുന്നു. ഇത് മാത്രമല്ല കേരള രാഷ്ട്രീയത്തിലെ അതികായരുടെ കൊമ്പുകോർക്കലുകൾക്കും ആറ്റിങ്ങലിന്റെ പഴയ രൂപമായ ചിറയിൻകീഴ് വേദിയായിട്ടുണ്ട്.
1951 ലെ ആദ്യതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് വഴുതിമാറി സ്വതന്ത്രനൊപ്പം കൂടിയ പരാമ്പര്യമാണ് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചിറയിൻകീഴിനുള്ളത്. കോൺഗ്രസിന്റെ ടി.കെ നാരായണപിള്ളയെ 16,904 വോട്ടിന് പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാർഥി വി.പരമേശ്വരൻ നായർ ലോക്‌സഭയിൽ ആറ്റിങ്ങലിന്റെ ആദ്യശബ്ദമായത്. കേരള രൂപീകരണത്തിന് ശേഷം 1957 ലായിരുന്നു അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ്. ആദ്യ ഇ.എം.എസ് സർക്കാറിന്റെ അധികാരാരോഹണം സൃഷ്ടിച്ച ശക്തമായ ഇടതുകാറ്റിൽ മണ്ഡലവും ഇടതുപക്ഷത്തിനൊപ്പം കൂടി. കോൺഗ്രസിലെ ടി.മാധവനെയാണ് സി.പി.ഐയിലെ എം.കെ.കുമാരൻ പരാജയപ്പെടുത്തിയത്. 1962 ലും മണ്ഡലം എം.കെ.കുമാരനിലൂടെ വീണ്ടും ചുവന്നു. കോൺഗ്രസിലെ ഷാഹുൽ ഹമീദായിരുന്നു എതിർസ്ഥാനാർഥി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളിർപ്പിന് ശേഷവും മണ്ഡലത്തിന്റെ ഇടതുചായ്‌വ് പ്രകടമായി. 1967 ൽ കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ആർ.ശങ്കറിനെയാണ് മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ചത്. സി.പി.എമ്മാകെട്ട എ.സമ്പത്തിന്റെ പിതാവ് കെ.അനിരുദ്ധനെയാണ് സ്ഥാനാർഥിയാക്കിയത്. കടുത്ത പോരാട്ടത്തിൽ ശങ്കറെ യുവാവായ അനിരുദ്ധൻ തോൽപ്പിച്ചു.
1971 ൽ സി.പി.എമ്മിന് കാലിടറി. കാറ്റും മാറിവീശി. ചിറയിൻകീഴിനെ ചിറകിലൊതുക്കാൻ അക്കാലത്തെ കോൺഗ്രസിന്റെ യുവനേതാവ് വയലാർ രവിയെയാണ് കളത്തിലിറക്കിയത്. സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണൻ പാരാജയമേറ്റുവാങ്ങി. അടിയന്തരാവസ്ഥയേൽപ്പിച്ച മുറിവുകൾ ഉണങ്ങും മുേമ്പ 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ പക്ഷേ മറ്റൊരു കഥയാണ് ചിറയിൻകീഴ് പങ്കുവെച്ചത്. ആർ ശങ്കറിനെ തോൽപ്പിച്ച ആത്മവിശ്വസവുമായെത്തിയ അനിരുദ്ധന് പിടിച്ച് നിൽക്കാനായില്ല. മണ്ഡലം വീണ്ടും വയലാർ രവിയിലൂടെ കോൺഗ്രസിനൊപ്പം ചേർന്നു. 1980 ൽ ഇടതുകളത്തിലേക്ക് കാലൂന്നിയ വയലാർ രവിയെ പക്ഷേ ചിറയിൻകീഴ് കൈവിട്ടു. കോൺഗ്രസ് െഎ സ്ഥാനാർഥി എ.എ.റഹീമാണ് കോൺഗ്രസ് യുവിന് വേണ്ടി വോട്ട് തേടിയ രവിയെ തോൽപ്പിച്ചത്.
1984 മുതലാണ് തലേക്കുന്നിൽ ബഷീർ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ കോൺഗ്രസ് സാരഥിയാകുന്നത്. 1984 ലെ കന്നിയങ്കത്തിൽ സി.പി.എമ്മിലെ കെ.സുധാകരനെ ബഷീർ തോൽപ്പിച്ചു. 1989 ൽ എൽ.ഡി.എഫിലെ സുശീല ഗോപാലനായിരുന്നു ബഷീറിന്റെ എതിരാളി. ഇക്കുറിയും ബഷീർ വിജയിച്ചു.
1991 ലെ പോരാട്ടത്തിൽ കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് 1106 വോട്ടുകളുടെ പിൻബലത്തിൽ സി.പി.എം മണ്ഡലം തിരിെക പിടിച്ചു.
1996 ലാണ് മണ്ഡലം കാക്കാൻ എ.സമ്പത്തിനെ സി.പി.എം ആദ്യമായി കളമേൽപ്പിക്കുന്നത്. തലേക്കുന്നിൽ ബഷീറിനെ 48083 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചായിരുന്നു സമ്പത്തിന്റെ അരങ്ങേറ്റം. 1998 ൽ ബഷീറിനെ മാറ്റി പകരം എം.എം ഹസനെ കോൺഗ്രസ് പരീക്ഷിച്ചെങ്കിലും ഇടതുകോട്ടക്ക് പോറലേറ്റില്ല. വർക്കല രാധാകൃഷ്ണനിലൂടെ സി.പി.എം മണ്ഡലം നിലനിർത്തി. 1999 ൽ എം.എം.ഹസന്റെ പകരക്കാരാനായി കോൺഗ്രസ് എം.ഐ ഷാനവാസിനെ നിയോഗിച്ചെങ്കിലും വർക്കല രാധാകൃഷ്ണന്റെ രാഷ്ട്രീയ അശ്വമേധത്തെ തടുക്കാനായില്ല. 2004 ൽ രണ്ടാമൂഴത്തിനെത്തിയ ഷാനവാസിനെ തോൽപ്പിച്ച് ഹാട്രിക് നേടിയാണ് രാധാകൃഷ്ണൻ മണ്ഡലം ഇടതുപാളയത്തിൽ ഭദ്രമാക്കിയത്. പേര് മാറി ആറ്റിങ്ങലായ മണ്ഡലത്തിനൊപ്പം 2009 മുതൽ എ.സമ്പത്തും. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫിന് വിജയം ഉണ്ടാകുന്നെങ്കിൽ അത് സമ്പത്തിനോടുള്ള മണ്ഡലത്തിന്റെ താൽപര്യം ഒന്നുകൊണ്ടുമാത്രമായിരിക്കും.






