പട്ടേലർ പടക്കിറങ്ങുന്നു

ഗുജറാത്തിലെ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്ന് ജാംനഗർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റർ രവീന്ദ്ര ജദേജയുടെ പത്‌നി റിവാബ സോളങ്കിയെ ഈ മണ്ഡലത്തിൽ ബി.ജെ.പി മത്സരിപ്പിക്കുമെന്നാണ് സൂചന. സൗരാഷ്ട്ര മേഖലയിലാണ് ജാംനഗർ. ഇവിടെ രണ്ടര ലക്ഷത്തോളം പട്ടേൽ വോട്ടുകളുണ്ട്. ഹാർദിക് സ്ഥാനാർഥിയായാൽ ബി.ജെ.പി നന്നായി വിയർക്കും. 2004 ലും 2009 ലും കോൺഗ്രസ് ജയിച്ച ഈ മണ്ഡലം 2014 ൽ ഒന്നേ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. 
രാഹുൽ ഗാന്ധിയുൾപ്പെടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. ഇലക്ഷനിൽ മത്സരിക്കണമെങ്കിൽ ഹാർദിക്കിന് ഒരു പ്രധാന കടമ്പ കടക്കണം. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് പ്രാദേശിക കോടതി ഹാർദിക്കിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതി ശിക്ഷ തൽക്കാലം റദ്ദാക്കുകയും ജാമ്യം നൽകുകയും ചെയ്തു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഹാർദിക് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റേ കിട്ടിയാൽ ഹാർദിക്കിന് മത്സരിക്കാം. 
കോൺഗ്രസിൽ നിന്ന് കൂട്ടത്തോടെ എം.എൽ.എമാർ കൂടൊഴിയുന്ന ഘട്ടത്തിലാണ് ഹാർദിക് പാർട്ടിയിൽ ചേരുന്നത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കൂടുതൽ പേർ വരും ദിനങ്ങളിൽ കൂറുമാറുമെന്നാണ് ശ്രുതി. ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് ഹാർദിക് പട്ടേലിന്റെ ആഗമനം നേരിയ ആശ്വാസം പകരും. സമൂഹത്തെയും രാജ്യത്തെയും സേവിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കുന്നതെന്ന് ഹാർദിക് പറഞ്ഞു. 
വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഹാർദിക്കും അൽപേഷ് താക്കൂറും ജിഗ്നേഷ് മേവാനിയുമായിരുന്നു കഴിഞ്ഞ ഇലക്ഷനിൽ ബി.ജെ.പിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് കരുത്തേകിയത്. കോലി താക്കൂർ സമുദായ നേതാവായ അൽപേഷിനെ രാധൻപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജയിപ്പിക്കുകയായിരുന്നു. ദലിത് നേതാവായ ജിഗ്‌നേഷ് മേവാനി കോൺഗ്രസ് പിന്തുണയോടെ വദ്ഗാം നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു. ഹാർദിക്കും പാർട്ടിയിൽ ചേരുന്നതോടെ ഒരു ചക്രം പൂർത്തിയാവുകയാണ്. അതിനിടെ, അൽപേഷും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. അദ്ദേഹം വാർത്ത നിഷേധിച്ചിരിക്കുകയാണ്. 
2015 ജൂലൈയിൽ പട്ടിധാർ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭമാണ് ഹാർദിക്കിനെ പട്ടേൽ അമാനത് ആന്ദോളൻ സമിതിയുടെ തലപ്പത്തെത്തിച്ചത്. വടക്കൻ ഗുജറാത്തിലെ വിസ്‌നഗറിൽ ചെറിയൊരു ബൈക്ക് റാലിയോടെയായിരുന്നു ഹാർദിക്കിന്റെ പ്രക്ഷോഭം ആരംഭിച്ചത്. അന്ന് വെറും 22 വയസ്സായിരുന്നു ഹാർദിക്കിന്റെ പ്രായം. പ്രക്ഷോഭത്തിന് വൻ ജനപിന്തുണ ലഭിച്ചതോടെ ഹാർദിക് ദേശീയ ശ്രദ്ധയാകർഷിച്ചു. അതിവേഗം ഗുജറാത്ത് യുവതയുടെ രോഷത്തിന്റെ മുഖമായി മാറി ഹാർദിക്. ഹാർദിക്കിന്റെ പ്രക്ഷോഭം ബി.ജെ.പിക്ക് വലിയ തലവേദനയായി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ അതിശക്തമായി രംഗത്തുണ്ടായിരുന്നു.  
 

Latest News