പാലക്കാട്- യു.ഡി.എഫിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മുതലാക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥികൾ. ആലത്തൂരിലും പാലക്കാട്ടും പ്രചാരണം സജീവമായി. രണ്ടിടത്തും നിലവിലെ എം.പിമാർ തന്നെ ജനവിധി തേടുന്നതിനാൽ സ്ഥാനാർഥികളെ പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ല എന്നത് ഇടതുമുന്നണിക്ക് ആദ്യഘട്ടത്തിൽ വ്യക്തമായ മേൽക്കൈ നൽകുന്ന ഘടകമാണ്. ഈ മുൻതൂക്കം നിലനിർത്തുന്നതിനുള്ള പ്രചാരണ തന്ത്രങ്ങളാണ് പാലക്കാട്ട് എം.ബി.രാജേഷിനു വേണ്ടിയും ആലത്തൂരിൽ പി.കെ.ബിജുവിനു വേണ്ടിയും സി.പി.എം നേതൃത്വം ആസൂത്രണം ചെയ്യുന്നത്. യു.ഡി.എഫിന്റേയും എൻ.ഡി.എയുടേയും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്നതിനു മുമ്പ് ഒരു വട്ടം പര്യടനം പൂർത്തിയാക്കാനാണ് യുവനേതാക്കൾ ലക്ഷ്യമിടുന്നത്.
പതിവുപോലെ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രശസ്ത വ്യക്തികളേയും മതസാമുദായിക നേതാക്കളേയും കണ്ട് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് രാജേഷും ബിജുവും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. രക്തസാക്ഷികളുടെ വീടുകളും നേതാക്കൾ സന്ദർശിച്ചു. എം.ബി.രാജേഷ് പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ്ബ് മനത്തോടത്തിനെ സന്ദർശിച്ച് പിന്തുണ തേടിയത് നവമാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചു വരുത്തി. ചിറ്റൂർ വടകരപ്പതിയിൽ ഫാദർ ആൽബർട്ട് ഉൾപ്പെടെയുള്ള ആർ.ബി.സി നേതാക്കളെ പി.കെ.ബിജു സന്ദർശിച്ചതും സമാന രീതിയിലാണ് ട്രോളുകൾക്ക് വിധേയമായത്. തെരഞ്ഞെടുപ്പ് സമയത്ത് മതസാമുദായിക നേതാക്കളുടെ പിന്തുണ തേടി നടക്കുന്നത് അവസരവാദ രാഷ്ട്രീയമാണ് എന്നതാണ് യുവനേതാക്കൾക്കെതിരായി ഉയർന്ന പ്രധാന വിമർശനം. എന്നാൽ തെരഞ്ഞെടുപ്പിൽ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും സന്ദർശനത്തിൽ തെറ്റില്ലെന്നും ആണ് സ്ഥാനാർത്ഥികളുടേയും പാർട്ടിയുടേയും നിലപാട്.

പാലക്കാട്ടും ആലത്തൂരും മണ്ഡലം കൺവെൻഷനുകൾ കൂടി പൂർത്തിയായതോടെ പ്രചാരണ രംഗത്ത് വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകാനാണ് രാജേഷിന്റേയും ബിജുവിന്റേയും തീരുമാനം. വോട്ടർമാരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന പരിപാടികൾക്ക് രാജേഷ് അട്ടപ്പാടിയിൽ തുടക്കം കുറിച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലായി പരന്നു കിടക്കുന്നതിനാൽ രണ്ടിടത്തേയും പാർട്ടി ഘടകങ്ങളുടെ യോജിച്ചുള്ള നിയന്ത്രണത്തിലാണ് ബിജുവിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നാട്ടുകാരനായ യുവാവ്, ചിട്ടയായ പ്രവർത്തനം നടത്തിയ ജനപ്രതിനിധി എന്നീ നിലകളിൽ രാജേഷിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടിയാണ് പാലക്കാട്ട് സി.പി.എം ആസൂത്രണം ചെയ്തിരിക്കുന്നത്. നവമാധ്യമങ്ങളിൽ ഇതിനായി പ്രത്യേക ടീമിനെത്തന്നെ ഒരുക്കിയിട്ടുണ്ട്. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിപുലമായ വ്യക്തിബന്ധങ്ങളും കുടുംബവേരുകളും ഉള്ളയാളാണ് നിലവിലുള്ള എം.പി.
വാർത്താ മാധ്യമങ്ങളുമായി ബന്ധം നിലനിർത്തുന്നതിൽ പി.കെ.ബിജുവിന് വീഴ്ച സംഭവിച്ചു എന്ന് വിലയിരുത്തുന്ന സി.പി.എം ഇക്കുറി ആ പോരായ്മ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് ലഭിക്കാനിടയുള്ള പ്രദേശം പാലക്കാട് ജില്ലയിലായതിനാൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. തങ്ങളുടെ ഉറച്ച സീറ്റുകളായാണ് പാലക്കാടിനേയും ആലത്തൂരിനേയും സി.പി.എം കാണുന്നത്.






