ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ചു; ശുദ്ധിക്രിയക്ക് എയര്‍ ടിക്കറ്റ് ആവശ്യപ്പെട്ട് ഇന്ത്യക്കാരന്‍

വെല്ലിംഗ്ടണ്‍- ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് നഷ്ടപരിഹാരം തേടുന്നു.  ന്യൂസിലാന്‍ഡിലാണ് സംഭവം. 20 വര്‍ഷം മുമ്പ് ന്യൂസിലാന്‍ഡില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്‍ ജസ്വീന്ദര്‍ പോള്‍ ശുദ്ധിക്രിയ നടത്തുന്നതിന് ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയാണ് ആവശ്യപ്പെടുന്നത്. പാപപരിഹാര ക്രിയകള്‍ പൂര്‍ത്തിയാകാന്‍ നാല് മുതല്‍ ആറാഴ്ച വരെ സമയമെടക്കുമെന്ന് ജസ്വീന്ദര്‍ പ്രാദേശിക ന്യൂസ് വെബ് സൈറ്റ് സ്റ്റഫിനോട് പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റില്‍ ആട്ടിറച്ചിയെന്ന ലേബലൊട്ടിച്ച മാംസമാണ് വാങ്ങിയിരുന്നത്. പാകം ചെയ്ത് ഭക്ഷിച്ച ശേഷമാണ് ആടല്ല, ബീഫാണെന്ന് മനസ്സിലായതെന്ന് ബാര്‍ബര്‍ ജോലി നോക്കുന്ന ജസ്വീന്ദര്‍ പറഞ്ഞു.
അബദ്ധം സമ്മതിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഗിഫ്റ്റ് വൗച്ചര്‍ നല്‍കിയെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എയര്‍ ടിക്കറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജസ്വീന്ദര്‍.

 

Latest News