Sorry, you need to enable JavaScript to visit this website.

സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ആഫ്രിക്കൻ വംശജൻ പിടിയിൽ

കൊച്ചി- പ്രമുഖ ഹോം അപ്ലൈയൻസസ്, മൊബൈൽ കമ്പനിയുടെ സമ്മാനത്തുക അടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ ആഫ്രിക്കൻ വംശജനായ വിദ്യാർഥി അറസ്റ്റിൽ. ആഫ്രിക്കയിലെ താൻസാനിയ സ്വദേശി അന്റോണി മ്ലാഷ്‌നി(26)യെ യാണ് മുബൈ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയത്.കോതമംഗലം സ്വദേശിനി ഗ്രേസിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.ഹോം അപ്ലൈയൻസസ്,മൊബൈൽ കമ്പനിയുടെ  5 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചുവെന്ന് ഗ്രേസിയെ തെറ്റിദ്ധരിപ്പിച്ച പ്രതി 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
2016 ഒക്ടോബർ 20നാണ് കേസിന് ആസ്പദമായ സംഭവം. ഗ്രേസിയുടെ മൊബൈൽ ഫോണിലേക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടർന്ന് അന്റോണിയുടെ ഫോൺ വിളിയും വന്നു. 
സമ്മാനത്തുകയുടെ നികുതി തുകയായ 25,000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. ഇതു പ്രകാരം തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ്  തട്ടിപ്പിന് ഇരയായെന്ന് ഗ്രേസിക്ക് മനസിലായത്. തുടർന്ന് ഇവർ 2017 ജൂണിൽ കോതമംഗലം പോലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. 
കഴിഞ്ഞ നാലിന് ബ്രിട്ടനിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ അന്റോണിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് മുംബൈ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് കോതമംഗലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നിെല്ലന്നാണ് അറിയുന്നത്. പ്രതി കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും, കൂട്ടുപ്രതികളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പ്രതിയിൽ നിന്നും അറിയാൻ ശ്രമിക്കുന്നത്. ഹൈദരാബാദിൽ പഠിക്കാൻ എത്തിയതാണ് അന്റോണി മ്ലാഷ്‌നി. അഞ്ച് വർഷം ഇവിടെ പഠിച്ചിരുന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം.  പ്രതിയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ച് നൽകി കേസ് അവസാനിപ്പിക്കാനും ചില വക്കീലന്മാർ ഇടനിലക്കാരായി നീക്കം നടത്തുന്നതായും വിവരമുണ്ട്.

Latest News