2014 ലെ ലോക്‌സഭാ ഇലക്ഷനു ശേഷം 27 നിയമസഭാ തെരഞ്ഞെടുപ്പുകൾ അരങ്ങേറി. ബി.ജെ.പിക്ക് വോട്ട് കുറയുകയും കോൺഗ്രസിന് വോട്ട് കൂടുകയും ചെയ്തുവെങ്കിലും ബി.ജെ.പിക്ക് തന്നെയാണ് മുൻതൂക്കമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പുകൾ നൽകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതു പോലെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു പൗരൻ വോട്ട് ചെയ്യണമെന്നില്ല. പലപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എതിർ പാർട്ടിക്കും വോട്ട് ചെയ്യുന്നവർ ധാരാളമാണ്. രണ്ടിനും രണ്ട് പരിഗണനകളാണ് എന്നതാണ് ഇതിന് പ്രധാന കാരണം.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16.95 കോടി വോട്ടാണ് ബി.ജെ.പി കരസ്ഥമാക്കിയത്. 31 ശതമാനത്തിനു മുകളിൽ. 2014 നു ശേഷം രാജ്യമെമ്പാടും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. 2014 ൽ കോൺഗ്രസ് നേടിയത് 10.6 കോടി വോട്ടാണ് -20 ശതമാനത്തിൽ താഴെ. അതിനു ശേഷം എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന് വോട്ട് കൂടി. 27 നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കിട്ടിയത് 15.5 കോടി വോട്ടാണ് -28.5 ശതമാനം. ഏതാണ്ട് ഒന്നരക്കോടി വോട്ട് ബി.ജെ.പിക്ക് കുറഞ്ഞു. കോൺഗ്രസിന് കിട്ടിയത് 12.2 കോടി വോട്ടാണ് -22.2 ശതമാനം. 1.6 കോടി വോട്ട് കൂടി. എന്നിട്ടും 3.3 കോടി വോട്ട് ബി.ജെ.പിക്ക് കൂടുതലാണ്. ആറ് ശതമാനം വോട്ടിന് കോൺഗ്രസിനെക്കാൾ മുന്നിലാണ് ബി.ജെ.പി.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 27 സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് 90 ലക്ഷത്തോളം വോട്ട് കുറഞ്ഞു. കോൺഗ്രസിന് രണ്ടു കോടിയോളം വോട്ട് കൂടി.
2009 ൽ നിന്ന് 2014 ൽ വൻ കുതിപ്പാണ് ബി.ജെ.പി നടത്തിയത്. 2009 ൽ ബി.ജെ.പിയുടെ വോട്ട് ശതമാനം 19 ശതമാനം മാത്രമായിരുന്നു. 2014 ൽ അത് 31 ശതമാനത്തിനു മുകളിലേക്കു പോയി. 12 ശതമാനം വോട്ട് ബി.ജെ.പിക്ക് അധികം കിട്ടി. അതേസമയം 2009 ൽ 28 ശതമാനം വോട്ട് കിട്ടിയ കോൺഗ്രസിന് 2014 ൽ ലഭിച്ചത് 19 ശതമാനം വോട്ട മാത്രമാണ്. എന്നാൽ 2009 ന്റെ ഏതാണ്ട് ഇരട്ടി വോട്ടാണ് 2014 ൽ ബി.ജെ.പി സ്വന്തമാക്കിയത്. 7.84 കോടിയിൽ നിന്ന് 16.95 കോടിയായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തന്നെയായിരുന്നു നേട്ടം. 2015 ഫെബ്രുവരിയിൽ ദൽഹിയിലും 2015 നവംബറിൽ ബിഹാറിലുമാണ് അവർക്ക് ആദ്യ തിരിച്ചടിയുണ്ടായത്. എന്നാൽ 2017 ൽ ഉത്തർപ്രദേശിലെ നിർണായക തെരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പി അതിശക്തമായി തിരിച്ചുവന്നു. അതേസമയം തന്നെ പഞ്ചാബിൽ അകാലിദൾ -ബി.ജെ.പി സഖ്യത്തെ കടപുഴക്കി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി.
അതിനു ശേഷം ബി.ജെ.പി കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാർട്ടി പ്രസിഡന്റ് അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിൽ കഷ്ടിച്ചാണ് ബി.ജെ.പി ഭരണം നിലനിർത്തിയത്. 2018 മേയിൽ കോൺഗ്രസും ജനതാദൾ എസും ചേർന്ന് കർണാടകയിൽ ബി.ജെ.പിയെ കടത്തിവെട്ടി. കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.
തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയതും കാർഷിക പ്രതിസന്ധിയും റഫാൽ അഴിമതിയുമൊക്കെ ബി.ജെ.പി അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്ന സമയത്താണ് പുൽവാമ ഭീകരാക്രമണമുണ്ടായത്. അതിനു ശേഷമുണ്ടായ അതിശക്തമായ പ്രചാരണം ബി.ജെ.പിക്ക് എത്ര നേട്ടമുണ്ടാക്കും, പല സംസ്ഥാനങ്ങളിലും രൂപം കൊണ്ട പ്രതിപക്ഷ ഐക്യം ബി.ജെ.പിക്ക് എത്ര കോട്ടം സൃഷ്ടിക്കും എന്നതിനനുസരിച്ചായിരിക്കും 2019 ലെ ജനവിധി.






