ഇതുപോലെ ബൃഹത്തായ ജനാധിപത്യ പ്രക്രിയ നടക്കുന്ന നാട് ലോകത്തൊരിടത്തുമില്ല. ജനാധിപത്യ നടത്തിപ്പ് പഠിക്കാൻ ഇന്ത്യയിലേക്ക് പോകൂ എന്ന് ഓരോ ഇന്ത്യക്കാരനും ധൈര്യപൂർവം ലോകത്തിന്
മുന്നിൽ തലയുയർത്താം.
ഇന്ത്യയിൽ ജനാധിപത്യ ഉത്സവത്തിന്റെ സമയം നിശ്ചയിച്ചു കഴിഞ്ഞു. ഇനിയുള്ള ദിനങ്ങൾ സജീവതയുടേതാണ്. പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് അതിനിർണായകം. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനതക്ക് മാത്രമല്ല ലോകത്തിന് തന്നെയും എത്രയോ പ്രധാനപ്പെട്ടതാണ്. 1951 വസന്തത്തോടെ ആദ്യ തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ആഗ്രഹമെന്നത് ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു.
ഇന്ത്യയുടെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുകുമാർ സെൻ ഇത്തിരി കൂടി കാത്തിരിക്കാൻ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കപ്പെട്ടു. സെൻ അങ്ങനെ പറയാൻ കാരണം തയാറെടുപ്പിന്റെ പ്രതിസന്ധി തന്നെയായിരുന്നു. 17.6 കോടി വോട്ടർമാരെയായിരുന്നു 1952 ന്റെ ആദ്യത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നിന് ഒരുക്കി നിർത്തേണ്ടിയിരുന്നത്. ഇന്നത് 90 കോടിയായിരിക്കുന്നു. ഇന്ത്യക്കൊപ്പം ഇന്ത്യൻ ജനതയുടെ അംഗസംഖ്യയും വളരുകയായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കേണ്ട സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണവരുടെ മുന്നിലുള്ളത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിൽ മൂന്നാംഘട്ടമായ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. മെയ് 23 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന് ആഘോഷപൂർവം തയാറെടുക്കുന്ന 90 കോടി ജനങ്ങളുടെ മനസ്സിൽ എന്താണെന്നറിയുക ഒരാൾക്കും സാധ്യമല്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉയർന്ന മൂല്യങ്ങൾ ക്കൊപ്പമായിരിക്കുമോ അവരുടെ മനസ്സ്? അതാണ് ഇനിയുള്ള നാളുകളുടെ ആശങ്ക. വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ ഏക കക്ഷിയുടെ കൈകളിൽ ഏൽപിച്ച ജനത ഇപ്പോൾ എങ്ങനെയായിരിക്കും ചിന്തിക്കുന്നതെന്നറിയാൻ ഒരു വഴിയുമില്ല.
2014 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം ആരും അത്ര പ്രതീക്ഷിച്ചതായിരുന്നില്ല. ജനാധിപത്യത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന് നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ലോകം തിരിച്ചറിയുകയായിരുന്നു.
ഇതു പോലെ ബൃഹത്തായ ജനാധിപത്യ പ്രക്രിയ നടക്കുന്ന നാട് ലോകത്തൊരിടത്തുമില്ല. ജനാധിപത്യ നടത്തിപ്പ് പഠിക്കാൻ ഇന്ത്യയിലേക്ക് പോകൂ എന്ന് ഓരോ ഇന്ത്യക്കാരനും ധൈര്യപൂർവം ലോകത്തിന് മുന്നിൽ തലയുയർത്താം.
ദീർഘ വർഷങ്ങൾക്ക് ശേഷം കൈവന്ന ഏക കക്ഷി ഭരണം. ഭരണ വിജയത്തെക്കുറിച്ചുള്ള അവകാശ വാദങ്ങളാൽ നിറയുകയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് പോലുമുള്ള ദിവസങ്ങളിൽ. ഭരണ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് വോട്ടു ചോദിക്കാനുള്ള ആത്മധൈര്യം തങ്ങൾക്കുണ്ടെന്ന നിലപാടിലുറച്ചാണ് ബി.ജെ.പി രംഗത്ത് നിൽക്കുന്നത്. ബി.ജെ.പിയിൽനിന്ന് ഇന്ത്യയെ രക്ഷിക്കുക എന്നതാണ് കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രധാന മുദ്രാവാക്യം.
ബി.ജെ.പി.യും കോൺഗ്രസും നേതൃത്വം നൽകുന്ന മുന്നണികൾ തമ്മിൽ തന്നെയാണ് പ്രധാന മത്സരം. ഇടതുപക്ഷ കക്ഷികൾക്ക് ഈ തെരഞ്ഞെടുപ്പിൽ എന്ത് പങ്ക് വഹിക്കാനാകുമെന്നത് കേരളം വല്ലാതെ ഉറ്റുനോക്കുന്ന കാര്യമാണ്. രാജ്യത്തിന്റെയും അതുവഴി തങ്ങളുടെ തന്നെയും ഭാവിയെ മുന്നിൽ കണ്ടായിരിക്കും ഉത്തരവാദിത്തമുള്ള ഏത് ജനസമൂഹവും തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നത്. രാജ്യവുമായി ബന്ധപ്പെട്ട എത്രയെത്രയോ ചോദ്യങ്ങൾ ജനതയുടെ മനസ്സിലുണ്ട്. അവയിൽ പ്രധാനം പിന്നിട്ട അഞ്ചു വർഷത്തിൽ അവരുടെ ജീവിതത്തിൽ ഗുണപരമായ എന്ത് മാറ്റമുണ്ടായി എന്നതായിരിക്കും. അതിലെല്ലാമുപരി പ്രധാനമായ ഒരു ചോദ്യവും ഈ ഘട്ടത്തിൽ അവർ നേരിടുന്നു- രാഷ്ട്രത്തിന്റെ ആത്മാവായ ജനാധിപത്യ, മതേതര മൂല്യങ്ങൾ തളരാതെ തകരാതെ നിലനിർത്താൻ പറ്റിയ സംവിധാനം നിലിൽക്കേണ്ടതില്ലേ? എത്രയെത്രയോ, കവല യോഗങ്ങളിൽ സന്ദേശമെത്തുന്ന മറ്റു വഴികളിൽ ഈ ചോദ്യം ജനതയുടെ മുന്നിൽ വീണ്ടും വീണ്ടും ഉയരും. ഭൂരിപക്ഷം അനുവദിച്ചു കൊടുക്കുന്ന ചിന്താപ്രക്രിയയെ ഈ ചോദ്യങ്ങൾ തട്ടിയുണർത്തിയേക്കാം. ആ ഉണർവിൽ അവർ വിധിയെഴുതും. ആ വിധിയെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവും.
ലോകം ഒരു വേള അസൂയയോടെയും അത്ഭുതത്തോടെയും ഉറ്റുനോക്കുന്നതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ്. അത് സ്വതന്ത്രവും നിർഭയവുമായാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഇനി രാഷ്ടീയ പാർട്ടികൾക്കും ജനങ്ങൾക്കുമാണ്.
20 കോടിയിൽ താഴെ ജനങ്ങളെ തെരഞ്ഞെടുപ്പിനണിനിരത്തിയ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പറഞ്ഞത് ഇത് മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണം എന്നാണ്. 90 കോടിയെ അണി നിരത്തി നടത്തുന്ന തെരഞ്ഞെടുപ്പിനെ അതിലപ്പുറമുള്ള പദാവലികൾ കൊണ്ടേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ.
തെരഞ്ഞെടുപ്പു പ്രക്രിയ കുറ്റമറ്റതാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിൽ വരുത്തേണ്ട ഉത്തരവാദിത്തം നിറവേറുന്നതിനനസരിച്ചിരിക്കും ജനാധിപത്യ പ്രക്രിയയുടെ തിളക്കം.






