ജിദ്ദ - നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശക്തമായ പരിശോധന നടത്താൻ ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ, വാണിജ്യ, വ്യവസായ മന്ത്രാലയ ശാഖകൾക്ക് നിർദേശം നൽകി. സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളും വിദേശികൾ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളും കണ്ടെത്തി നിയമലംഘകർക്കെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ജിദ്ദ ഗവർണർ നിർദേശിച്ചു.
സ്വദേശി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങളും ലഭ്യമാക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തണം. പ്രാദേശിക തൊഴിൽ വിപണിയിൽ സൗദി യുവത നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനും നടപടികൾ സ്വീകരിക്കണം. മുഴുവൻ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഉദ്യോഗാർഥികളും തൊഴിൽ കരാറുകൾ കണിശമായി പാലിക്കണം. ദേശീയ സമ്പദ്‌വ്യവസ്ഥക്കും, വ്യാജ ഉൽപന്നങ്ങൾ കാരണമായി പൊതുജനാരോഗ്യത്തിനും ഹാനികരമായ ബിനാമി ബിസിനസ് പ്രവണത നിർമാർജനം ചെയ്യണമെന്നും മിശ്അൽ ബിൻ മാജിദ് രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.