മോഹന്‍ലാല്‍ പദ്മഭൂഷന്‍ ഏറ്റുവാങ്ങി 

ന്യൂദല്‍ഹി: ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍ രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ ആഹ്ലാദം പങ്കു വെച്ച് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് താരം പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കു വെക്കുന്നത്.
'രാജ്യത്തെ മൂന്നാം പരമോന്നത ബഹമുതി രാഷ്ട്രപതിയില്‍ നിന്നും അത്യാനന്ദത്തോടെ ഏറ്റുവാങ്ങി. എല്ലാത്തിനും സാക്ഷിയായി മുകളിലിരിക്കുന്ന സര്‍വശക്തനും എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും നേരിട്ടോ അല്ലാതെയോ എന്റെ വിജയ യാത്രയുടെ ഭാഗമായവര്‍ക്കേവര്‍ക്കും നന്ദി. ഈ ധന്യ നിമിഷത്തില്‍ ആഹ്ലാദപരവശനാണ് ഞാന്‍..' മോഹന്‍ലാല്‍ പറയുന്നു. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 
നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണവുമൊരുക്കുന്നുണ്ട്. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം. ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി.

Latest News