പാലക്കാട് -സ്ത്രീകളുമായി ബന്ധപ്പെട്ട ചർച്ചകൾ തെരഞ്ഞെടുപ്പ് വിഷയമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. സ്വാഭാവികമായും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുന്ന വനിതകളുടെ എണ്ണവും ചർച്ചയായി മാറും.
ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന വിമർശനം ഇടതുപക്ഷത്തു നിന്ന്തന്നെ ഉയരുന്ന സാഹചര്യത്തിൽ കരുതലോടെയാവും യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം. രണ്ടു സീറ്റെങ്കിലും വനിതകൾക്കു വേണ്ടി നീക്കിവെക്കാൻ കോൺഗ്രസും നിർബന്ധിതമാവുമെന്നാണ ്സൂചന. കൂടുതൽ വിജയസാധ്യതയുള്ള സീറ്റുകൾക്കായി മുതിർന്ന നേതാക്കൾ പിടിമുറുക്കിയതിനാൽ തള്ള് കുറഞ്ഞ ആലത്തൂർ മണ്ഡലം ഇക്കുറിയും വനിതാ സംവരണത്തിന്റെ ചെലവിൽ എഴുതിത്തള്ളാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന.
2014 ലും ആലത്തൂരിൽ വനിതാ സ്ഥാനാർത്ഥിയെയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. ചിറ്റൂർ നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന കെ.എ.ഷീബ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും 37,000 ത്തിൽപരം വോട്ടിന് തോൽക്കുകയായിരുന്നു. കഴിഞ്ഞ തവണയും രണ്ടു വനിതകളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി അവതരിപ്പിച്ചത്. ആറ്റിങ്ങലിൽ മൽസരിച്ച ബിന്ദു കൃഷ്ണയായിരുന്നു മറ്റൊരു വനിതാ നേതാവ്. യു.ഡി.എഫിന് വിജയസാധ്യത കുറഞ്ഞ സീറ്റുകൾ വനിതകൾക്ക് വിട്ടുനൽകുകയാണെന്ന ആരോപണം അന്നും ഉയർന്നതാണ്. ഇക്കുറിയും ആ വഴിയിൽ തന്നെയാണ് കാര്യങ്ങളുടെ പോക്ക്.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കളാരും ആലത്തൂരിൽ മൽസരിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി. പന്തളം സുധാകരൻ മണ്ഡലത്തിൽ ജനവിധി തേടണമെന്ന ആവശ്യം ഒരു ഘട്ടത്തിൽ പ്രാദേശികമായിഉയർന്നിരുന്നു. എന്നാൽ പന്തളം താൽപര്യം കാണിച്ചില്ല. വിജയസാധ്യത താരതമ്യേന കുറഞ്ഞ ഒരിടത്ത് മൽസരിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
ചെറുപ്പക്കാരായ ചില നേതാക്കൾ മാത്രമാണ് ആലത്തൂരിൽ മൽസരിക്കാൻ താൽപര്യം കാണിക്കുന്നത്. അങ്ങനെയെങ്കിൽ ഇത്തവണയും ആലത്തൂരിൽ വനിതാ സ്ഥാനാർത്ഥി മതി എന്ന മട്ടിലാണ് കോൺഗ്രസിലെ ചർച്ചകളുടെ പോക്ക്. സ്ഥാനാർത്ഥിത്വം കറങ്ങിത്തിരിഞ്ഞ് കെ.എ.ഷീബയിൽ തന്നെ വന്നുവീണാൽ അത്ഭുതപ്പെടാനില്ല. തൃശൂർ ജില്ലയിലെ ചില വനിതാ നേതാക്കളും പരിഗണനയിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ ശക്തമായ വെല്ലുവിളിയിൽ ഉലഞ്ഞു പോയിരുന്നു ബി.ജെ.പി. അതിനു ശേഷം കോൺഗ്രസിനെയും പാർട്ടിയുടെ വിശ്വാസ്യതയെയും തകർക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ വൻ വിജയമായി. മന്ത്രിസഭയുടെ വാതിലുകൾ മലർക്കെ തുറന്നുവെച്ച് കോൺഗ്രസ് നേതാക്കളെ അവർ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. ഇന്ന് ഗുജറാത്ത് മന്ത്രിസഭയിൽ മൂന്നിലൊന്ന് മന്ത്രിമാരും കൂറുമാറിയെത്തിയ കോൺഗ്രസുകാരാണ്....






