യുവതി കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ മറന്നുവെച്ചു! പറന്നുയര്‍ന്ന സൗദി എയര്‍ലൈന്‍സ് തിരിച്ചിറക്കി

ദുബായ്- അടിയന്തര ആവശ്യമുണ്ടായാല്‍ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്ത എയര്‍പോര്‍ട്ടിലേക്ക് തന്നെ തിരിച്ചിറക്കുകയോ മറ്റേതെങ്കിലും എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുകയോ പതിവാണ്. എന്നാല്‍ ജിദ്ദയില്‍നിന്ന് കുലാലംപൂരിലേക്ക് കഴിഞ്ഞ ദിവസം പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കാനുണ്ടായ കാരണം കേട്ടാല്‍ ചിരിക്കണോ കരയണോ എന്ന് സംശയിക്കും.

വിമാനം പറന്നുയര്‍ന്ന ഉടന്‍ ഒരു സ്ത്രീയുടെ നിലവിളി.... അയ്യോ വേഗം തിരിച്ചുപോകൂ.... എന്റെ കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ മറന്നുവെച്ചേ.... വേഗം തിരിച്ചുപോകൂ....

തരിച്ചുപോയി കേട്ടവരും വിമാന ജീവനക്കാരും. വിമാന ജീവനക്കാര്‍ ഉടന്‍ പൈലറ്റിനെ വിവരമറിയിച്ചു. ബോര്‍ഡിംഗ് ഏരിയയില്‍ കുഞ്ഞിനെ മറന്നുവെച്ചുവെന്ന് സൗദി മാതാവ് തറപ്പിച്ചു പറഞ്ഞു. വിമാനം തിരിച്ചിറക്കാനുള്ള അനുമതിക്കായുള്ള പൈലറ്റിന്റെ അപേക്ഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിമാനം തിരിച്ചിറക്കുന്നതിന് ചില പ്രോട്ടോകോളുകലുണ്ട്. കുട്ടിയെ മറന്നു വെച്ച സംഭവം ഇതില്‍പെടുമോ എന്ന് കണ്‍ട്രോള്‍ ടവറില്‍ ഇരിക്കുന്നവര്‍ക്ക് അറിയില്ല. തികച്ചും പുതിയ സംഭവം. പൈലറ്റിന്റെ നിരന്തര അഭ്യര്‍ഥന മാനിച്ച് വിമാനം തിരിച്ചിറക്കി. മനുഷ്യത്വം കാണിച്ച എസ്.വി 832 വിമാനത്തിന്റെ പൈലറ്റിനെ അനുമോദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡീയയില്‍.

 

Latest News