Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎഇയില്‍ പത്തു വര്‍ഷം കാലാവധിയുള്ള വീസയ്ക്ക് ഇനി അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

അബുദബി- പത്തു വര്‍ഷം കാലാവധിയുള്ള ദീര്‍ഘകാല വീസയ്ക്കുള്ള അപേക്ഷകല്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത വിഭാഗത്തില്‍പ്പെടുന്ന വിദേശികള്‍ക്ക് ഈ വിസ അനുവദിക്കും. ഈ പദ്ധതിയുടെ അന്തിമ രൂപത്തിന് യുഎഇ മന്ത്രിസഭ തിങ്കളാഴ്ച അനുമതി നല്‍കി. വന്‍കിട നിക്ഷേപകര്‍, സംരംഭകര്‍, മികവുറ്റ ഗവേഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഈ വീസ ലഭിക്കുക. പ്രതിഭകളുടെ ഇഷ്ടകേന്ദ്രമായി യുഎഇ തുടരുമെന്ന് വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ദേശീയ ബഹിരാകാശ പദ്ധതി 2030-നും അംഗീകാരം നല്‍കി. ബഹിരാകാശ ഗവേഷണ, ശാസ്ത്ര, നിര്‍മ്മാണ, സേവന രംഗത്തെ വിവിധ പരിപാടികള്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

നിക്ഷേപകര്‍ക്ക് 
നിക്ഷേപത്തിന്റെ തോത് അനുസരിച്ച് രണ്ടു വിഭാഗങ്ങളായാണ് വന്‍കിട നിക്ഷേപകര്‍ക്ക് ദീര്‍ഘ കാല വീസ അനുവദിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 50 ലക്ഷം ദിര്‍ഹമോ അതിലധികമോ മൂല്യമുള്ള ആസ്തിയില്‍ നിക്ഷേപമിറക്കിയവര്‍ക്ക് അഞ്ചു വര്‍ഷ വീസ അനുവദിക്കും. മറ്റു കമ്പനികളിലും ബിസിനസ് പങ്കാളിത്തത്തിലും മറ്റുമായി ഒരു കോടി ദിര്‍ഹമോ അതിലധികമോ വരുന്ന പൊതുനിക്ഷേപം നടത്തിയവര്‍ക്കും, മേല്‍ സൂചിപ്പിച്ച റിയല്‍ എസ്റ്റേറ്റ് ഇതര മേഖലകളിലായി മൊത്തം ഒരു കോടിയില്‍ കുറയാത്ത നിക്ഷേപം നടത്തിയവര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വീണ്ടും പുതുക്കാവുന്ന വീസയും അനുവദിക്കും. നിക്ഷേപിച്ച തുക വായ്പ എടുത്തതാകാന്‍ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും നല്‍കണം. ചുരുങ്ങിയത് മൂന്ന് വര്‍ഷം കാലാവധിയുള്ള നിക്ഷേപമായിരിക്കണം. ഒരു കോടി ദിര്‍ഹം നിക്ഷേപമിറക്കിയ ബിസിനസ് പങ്കാളികള്‍ക്കും അവരുടെ ഇണകള്‍ക്കും കുട്ടികള്‍ക്കും ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കും ഒരു അഡൈ്വസര്‍ക്കും ദീര്‍ഘ കാല വീസ അനുവദിക്കും.

ശാസ്ത്ര, സാങ്കേതിക വിദഗ്ധര്‍ക്ക് 
ശാസ്ത്ര, സാങ്കേതിക, ഗവേഷണ, കലാ സാംസ്‌കാരിക രംഗങ്ങളില്‍ മികവുറ്റവര്‍ക്ക് 10 വര്‍ഷം വരെകാലാവധിയുള്ള വീസ അനുവദിക്കും. ഇവരുടെ ഇണകള്‍ക്കും കുട്ടികള്‍ക്കും ഇതു ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് ദീര്‍ഘ കാല വീസ ലഭിക്കാന്‍ വേണ്ടത് ബന്ധപ്പെട്ട മേഖലകളില്‍ കാലാവധിയുള്ള ഒരു തൊഴില്‍ കരാര്‍ ആണ്. വിവിധ വിഭാഗക്കാര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.

ഡോക്ടര്‍മാരും സ്‌പെഷ്യലിസ്റ്റുകളും
ലോകത്തെ മികച്ച 500 യൂണിവേഴ്‌സിറ്റികളില്‍ ഒന്നില്‍ നിന്ന് പി.എച്.ഡി ബിരുദം. പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരം ലഭിച്ചവര്‍. ബന്ധപ്പെട്ട മേഖലയിലെ ശാസ്ത്രീയ ഗവേഷണ മേഖലയില്‍ നല്‍കിയ സംഭാവനകള്‍, പ്രശസ്ത പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചവര്‍, അപേക്ഷകന്റെ മേഖലയിലെ ഏറ്റവും മികച്ചവര്‍ക്ക് അംഗത്വം നല്‍കുന്ന സംഘടനയിലെ അംഗത്വം, പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പി.എഡ്.ഡി ബിരുദവും, യുഎഇയില്‍ മുന്‍ഗണന നല്‍കുന്ന മേഖലകളില്‍ സ്‌പെഷലൈസേഷന്‍ ഉള്ളവര്‍ (ഡോക്ടര്‍മാര്‍ക്ക്), എമിറേറ്റ്‌സ് സയന്റിസ്റ്റ്‌സ് കൗണ്‍സില്‍ അക്രഡിറ്റേഷന്‍ ഉള്ളവര്‍, ശാസ്ത്ര രംഗത്തെ മികവിന് മുഹമ്മദ് ബിന്‍ റാശിദ് മെഡല്‍ നേടിയവര്‍ എന്നിവര്‍ക്കാണ് യോഗ്യത. ഇവയില്‍ ചുരുങ്ങിയത് രണ്ടു മാനദണ്ഡങ്ങളെങ്കിലും പാലിക്കുന്നവര്‍ക്ക് 10 വര്‍ഷ വീസ ലഭിക്കും.

സംരംഭകര്‍ക്ക് അഞ്ചു വര്‍ഷ വീസ
രണ്ടു വിഭാഗം സംരംഭകര്‍ക്കും ദീര്‍ഘകാല വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹമിന്റെ പ്രൊജക്ട് ഉള്ളവര്‍ക്കും അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ അക്രഡിറ്റേഷന്‍ ഉള്ള ബിസിനസ് സംരംഭകര്‍ക്കും അഞ്ചു വര്‍ഷം കാലാവധിയുള്ള വീസ അനുവദിക്കും. നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചാല്‍ ഈ വീസ അപ്‌ഗ്രേഡ് ചെയ്തു നല്‍കുകയും ചെയ്യും. സംരഭകരുടെ അഞ്ചു വര്‍ഷ വീസയുടെ ആനുകൂല്യം കുടുംബത്തിനും കുട്ടികള്‍ക്കും മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാക്കും ലഭിക്കും.

കലാ സാംസ്‌കാരിക രംഗത്തെ സര്‍ഗ പ്രതിഭകള്‍
മിനിസ്ട്രി ഓഫ് കള്‍ചര്‍ ആന്റ് നോളെജ് ഡെവലപ്‌മെന്റ് ഇന്‍വെന്റേഴ്‌സ് അക്രഡിറ്റേഷന്‍ ഉള്ളവര്‍, മിനിസ്ട്രി ഓഫ് ഇക്കോണമി എക്‌സപ്ഷണല്‍ ടാലന്റ് അനുമതിയുള്ള പേറ്റന്റ് സ്വന്തമാക്കിയവര്‍, ലോകോത്തര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങളിലോ പേറ്റന്റുകളിലോ രേഖപ്പെടുത്തപ്പെട്ട വേറിട്ട പ്രാഗത്ഭ്യം ഉള്ളവര്‍ എന്നിവരും ഈ ദീര്‍ഘകാല വീസയ്ക്ക് അര്‍ഹരാണ്. 

എക്‌സിക്യൂട്ടീവുകള്‍
അറിയപ്പെട്ടതും രാജ്യാന്തര അംഗീകാരമുള്ളതുമായ മുന്‍നിര കമ്പനി ഉടമകള്‍, മികച്ച വിദ്യാഭ്യാസ, പ്രൊഫഷണല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തവര്‍ക്കും ദീര്‍ഘ കാല വീസ ലഭിക്കും. 

മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍
സെക്കണ്ടറി സ്‌കൂളില്‍ 95 ശതമാനമെങ്കിലും ഗ്രേഡ് സ്വന്തമാക്കുകയും 3.75 ഗ്രേഡ് പോയിന്റോടു കൂടിയ ഡിസ്റ്റങ്ഷനുള്ള യുണിവേഴ്‌സിറ്റി ബിരുദവും ഉള്ളവര്‍ക്ക് അഞ്ചു വര്‍ഷ വീസ ലഭിക്കും. ഇവരുടെ കുടുംബത്തിനും ഈ വീസ അനുവദിക്കും.

(ചിത്രം- ഗള്‍ഫ് ന്യൂസ്‌)

Latest News