മലബാറിൽ വലിയ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു 

മലപ്പുറം - ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മലബാർ മേഖലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു. മേഖലയിലെ ഏഴു മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ഇടതുമുന്നണി ശക്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കി യു.ഡി.എഫിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. സ്ഥാനാർഥി നിർണയത്തിൽ എൽ.ഡി.എഫ് ഒരു പടി മുന്നിൽ എത്തിയതും അവർക്ക് ഗുണം ചെയ്യും.
വടക്കൻ കേരളത്തിലെ കാസർകോട്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മലപ്പുറത്ത് മാത്രമാകും ഫലം മുൻകൂട്ടി പറയാനാകുക. മറ്റ് ആറ് മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികൾ തന്നെ രംഗത്തിറങ്ങിയതോടെ ജനവിധി പ്രവചനാതീതമാകും. സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ഇരുപക്ഷത്തിനും ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇടതു സ്ഥാനാർഥികളെ വ്യക്തമായതോടെ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണ്. മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ കാസർകോട് മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫിന് പ്രതീക്ഷ കൈവരുന്നുണ്ട്. സിറ്റിംഗ് എം.പിയായ പി. കരുണാകരൻ വീണ്ടും മൽസരിക്കാത്തതിനാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുകുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. അതേസമയം കോൺഗ്രസ് സ്ഥാനാർഥിയെ കുറിച്ച് ഇനിയും വ്യക്തത വരാത്തത് മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പിൽ അതൃപ്തി വളർത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ.ടി. സിദ്ദീഖ് കടുത്ത മൽസരം കാഴ്ചവെച്ച മണ്ഡലമാണ് കാസർകോട്. ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.പി. സതീഷ് ചന്ദ്രൻ രംഗത്തെത്തിയതോടെ പുതിയ തന്ത്രങ്ങളുമായി  മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ഇടതുമുന്നണിക്കെതിരായ പ്രചാരണ തരംഗം സൃഷ്ടിക്കുമെന്നും അത് ഗുണകരമാകുമെന്നുമാണ് യു.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികളും ഇവിടെ പ്രധാന മുന്നണികളുടെ ജയപരാജയങ്ങളിൽ നിർണായകമാകും.
കണ്ണൂരിൽ സിറ്റിംഗ് എം.പി ശ്രീമതി ടീച്ചർ വീണ്ടും മൽസര രംഗത്തെത്തുമ്പോൾ അട്ടിമറി നടത്താൻ യു.ഡി.എഫ് ആവനാഴിയിലെ അവസാനത്തെ അമ്പുകളും പുറത്തെടുക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6566 വോട്ടുകൾക്കാണ് ശ്രീമതി ടീച്ചർ കോൺഗ്രസിലെ കെ. സുധാകരനെ തോൽപിച്ചത്. കണ്ണൂരിൽ കോൺഗ്രസിന് സുധാകരനോളം ശക്തനായ മറ്റൊരു നേതാവില്ലെന്നതിനാൽ ഇത്തവണയും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനമുണ്ടാകാനും സാധ്യതകളുണ്ട്. ശബരിമല വിഷയത്തിൽ മലബാറിൽ ജനകീയ യാത്ര നടത്തി രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന സുധാകരൻ തന്നെ ആ വെല്ലുവിളി വീണ്ടും ഏറ്റെടുക്കുമോ എന്നത് പ്രധാനമാണ്. കാസർകോട് ഇരട്ടക്കൊലപാതകമുൾപ്പെടെ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയ അക്രമ രാഷ്ട്രീയം കണ്ണൂരിലും ഇത്തവണ ഇടതുമുന്നണിക്കെതിരായ പ്രധാന പ്രചരണായുധമാകും.
വടക്കൻ കേരളത്തിൽ ഇത്തവണ കടുത്ത മൽസരത്തിന് വേദിയൊരുങ്ങുന്നത് വടകര മണ്ഡലത്തിലാകും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ തന്നെ അങ്കത്തിനിറങ്ങുമ്പോൾ ഇടതുമുന്നണിക്ക് അത് അഭിമാന പോരാട്ടമായി മാറും. അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ കേരള രാഷ്ട്രീയത്തിൽ ഏറ്റവുമധികം വിമർശനങ്ങൾക്ക് വിധേയനായ നേതാവാണ് ജയരാജൻ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ മുറിവുകളുണങ്ങിയിട്ടില്ലാത്ത വടകരയിൽ ജയരാജനെ തോൽപിക്കാൻ ഒട്ടേറെ ഘടകങ്ങൾ ഒന്നിക്കും. ആർ.എം.പിയുടെ നിലപാടുകളും ഇവിടെ നിർണായകമാണ്. ആർ.എം.പി സ്വന്തം സ്ഥാനാർഥിയെ നിർത്തിയാലും യു.ഡി.എഫിനെ പിന്തുണച്ചാലും അത് ഇടതുമുന്നണിക്ക് വെല്ലുവിളികളുയർത്തും. വടകരയിൽ ജയരാജനെ നേരിടാൻ കോൺഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ രംഗത്തിറക്കേണ്ടി വരും. ഇക്കാര്യത്തിൽ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. വടകരയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം നിർണായകമാകും.
കോഴിക്കോട് മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുറപ്പിച്ചാണ് സിറ്റിംഗ് എം.എൽ.എയായ പ്രദീപ് കുമാറിനെ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി സി.പി.എമ്മിന് സ്വന്തം സ്ഥാനാർഥിയെ കോഴിക്കോട് മണ്ഡലത്തിൽ വിജയിപ്പിച്ചെടുക്കാനായിട്ടില്ല. ജനതാദൾ മൽസരിക്കുമ്പോൾ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ലഭിക്കുന്നത്. നിലവിലുള്ള ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ തോൽവി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കടുത്ത തിരിച്ചടിയായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചടക്കണമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം മണ്ഡലത്തിൽ ജനകീയത ഏറെയുള്ള പ്രദീപ് കുമാറിനെ രംഗത്തിറക്കിയിരിക്കുന്നത്.
സി.പി.ഐ മൽസരിക്കുന്ന വയനാട് മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി പി.പി. സുനീറും ഇത്തവണ അട്ടിമറി നടത്തുമെന്ന പ്രഖ്യാപനവുമായാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം കുറക്കാനായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തവണ കോൺഗ്രസിൽ പുതുമുഖ സ്ഥാനാർഥിയാണ് എത്തുന്നതെങ്കിൽ ഇടതുമുന്നണിക്ക് മികച്ച പ്രവർത്തനത്തിലൂടെ കടുത്ത വെല്ലുവിളി ഉയർത്താനാകും.
മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന മലപ്പുറം മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിക്ക് ഇത്തവണയും കാര്യമായ ചലനങ്ങളുണ്ടാക്കാനാകില്ലെന്നാണ് സൂചനകൾ. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായ വി.പി. സാനുവാണ് മലപ്പുറത്ത് സി.പി.എം സ്ഥാനാർഥി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന സാനു തെരഞ്ഞെടുപ്പിൽ പുതുമുഖമാണ്. മുസ്‌ലിം ലീഗ് രംഗത്തിറക്കുന്നത് മുതിർന്ന നേതാവിനെയാണെന്നത് ഇടതുമുന്നണിയുടെ പ്രതീക്ഷകളെ തളർത്തുന്നതാണ്. ഇത്തവണയും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ രംഗത്തിറക്കി മലപ്പുറം പിടിക്കാൻ ഇടതുമുന്നണി ശ്രമിച്ചിട്ടില്ല.
കടുത്ത മൽസരത്തിന് വേദിയൊരുങ്ങുന്ന പൊന്നാനിയിൽ അപ്രതീക്ഷിതമായി എത്തിയ ഇടതുസ്ഥാനാർഥി പി.വി. അൻവറിന് ചലനങ്ങളുണ്ടാക്കാനാകുമോ എന്നാണ് ഇടതുപക്ഷവും ഉറ്റുനോക്കുന്നത്. നിലമ്പൂരിലെ സിറ്റിംഗ് എം.എൽ.എ ആയ അൻവറിന് പൊന്നാനിയിൽ ചില അനുകൂല ഘടകങ്ങളുണ്ടെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. പഴയ കോൺഗ്രസുകാരനായ അൻവറിന് യു.ഡി.എഫിനുള്ളിൽ വിള്ളലുണ്ടാക്കാനാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എ.പി സുന്നി വിഭാഗത്തിന്റെ പിന്തുണയും അൻവറിന് ലഭിച്ചേക്കുമെന്ന് ഇടതു നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. പൊന്നാനിയിൽ ലീഗ് സ്ഥാനാർഥിയായി ഇ.ടി. മുഹമ്മദ് ബഷീർ തന്നെ രംഗത്തെത്തിയതോടെ കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും കടുത്ത പോരാട്ടമാവും നടക്കുക. 

Latest News