കല്‍പറ്റ- ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി മാവോവാദിയായ മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി ജലീലിന്റെ(40) മരണത്തിനിടയാക്കിയ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ.ശ്രീനിവാസന്‍, കേസ് ചുമതലയുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാധാകൃഷ്ണന്‍, കല്‍പറ്റ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം ആരംഭിച്ചത്.
ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെ കാര്യാലയത്തില്‍നിന്നു കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്വീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം ലക്കിടിയിലേക്കു നീങ്ങിയത്. ജില്ലാ പോലീസ് മേധാവിക്കൊപ്പം റിസോര്‍ട്ടിലെത്തിയ സംഘം ജലീല്‍ വെടിയേറ്റു കിടന്ന സ്ഥലത്തും സമീപങ്ങളിലും പരിശോധന നടത്തി. ജീവനക്കാരില്‍ നിന്നു സംഭവത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു. സന്ധ്യ കഴിഞ്ഞാണ് റിസോട്ടില്‍ നിന്നിറങ്ങിയത്.
റിസോര്‍ട്ട് വളപ്പില്‍ കല്‍പറ്റ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകള്‍, റിസോര്‍ട്ടിന്റെ ഭിത്തിയിലും അടുത്തുള്ള മരങ്ങളിലും ഉള്‍പ്പെടെ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ തുടങ്ങിയവ പോലീസ് പരിശോധിക്കുകയുണ്ടായി. വെടിയുണ്ടകള്‍ വന്ന ദിശകള്‍ മനസിലാക്കുന്നതിനാണ് അവ തറച്ച സ്ഥലങ്ങളില്‍ പരിശോധന. മാവോവാദികള്‍ ഉപയോഗിച്ച തോക്കുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിനും ഉതകുന്നതാണ് ഒഴിഞ്ഞ ബുള്ളറ്റ് കെയ്‌സുകള്‍.
വെടിവെപ്പിനിടെ പരിക്കുകളോടെ രക്ഷപ്പെട്ടതായി കരുതുന്ന എ.കെ-47 ധാരിയായ മാവോവാദിക്കായുള്ള അന്വേഷണം തുടരുകയാണ്. മങ്കി ക്യാപ് ധരിച്ച് റിസോര്‍ട്ടിലെത്തിയ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, രക്ഷപ്പെട്ടത് മാവോവാദി സംഘത്തിലെ തമിഴ്‌നാട് സ്വദേശി ചന്ദ്രുവാണെന്നു പ്രചാരണമുണ്ട്. വെടിയേറ്റയാളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണെന്നു ജില്ലാ പോലീസിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.
റിസോര്‍ട്ടില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഏകദേശം 70 മിനിറ്റ് ദൈര്‍ഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളതെന്നാണ് വിവരം. ദൃശ്യങ്ങളില്‍ നിന്നാണ് ജലീലിനൊപ്പം റിസോര്‍ട്ടിലെത്തിയ മാവോവാദിയുടെ പക്കലുണ്ടായിരുന്നത് എ.കെ-47 തോക്കാണെന്നു പോലീസ് സ്ഥിരീകരിച്ചത്. വയറിന്റെ ഭാഗത്തായി ഇയാള്‍ക്കു വെടിയേല്‍ക്കുന്നതിന്റെ ദൃശ്യവും പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. റിസോര്‍ട്ടിനും അതിരിടുന്ന വനത്തിനും ഇടയിലുള്ള തേയിലക്കാട്ടില്‍ രക്തപ്പാടുകള്‍ കണ്ടത് ജലീലിനു പുറമേ ഒരാള്‍ക്കു കൂടി വെടിയേറ്റുവെന്ന നിഗമനത്തിലേക്കു പോലീസിനെ നയിച്ചിരുന്നു.
റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ ജീവനക്കാരോടു പത്തു പേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇത് സംഘത്തില്‍ വേറെ എട്ടു പേര്‍ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തിനു കാരണമായിരുന്നു. വെടിയേറ്റയാളെ സംഘത്തിലെ മറ്റംഗങ്ങള്‍ ഒളിത്താവളത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയിരിക്കാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. വയനാട്ടിലെയും ഇതര സംസ്ഥാനങ്ങളിലേതടക്കം സമീപ ജില്ലകളിലെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയില്‍ വെടിയേറ്റ പരിക്കുകളോടെ ആരും ചികിത്സക്കെത്തിയിട്ടില്ലെന്നു പോലീസും ആന്റി നക്‌സല്‍ സ്ക്വാഡും ഉറപ്പു വരുത്തിയിട്ടുണ്ട്. റിസോര്‍ട്ട് വളപ്പില്‍ മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ദിവസം മുതല്‍ വയനാട്ടിലും അതിര്‍ത്തികള്‍ക്കപ്പുറവും ഉള്ള ആശുപത്രികള്‍ പോലീസ് നിരീക്ഷണത്തിലാണ്. വെടിയേറ്റയാള്‍ പരിക്കിന്റെ ഗുരുതര സ്വഭാവമോ രക്തസ്രാവമോ മൂലം മരണപ്പെട്ടിരിക്കാമെന്ന സംശയവും പോലീസുകാര്‍ക്കിടയിലുണ്ട്.
റിസോര്‍ട്ടു വളപ്പില്‍ ഇന്നലെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചില്ല. പോലീസുമായുള്ള സായുധ ഏറ്റമുട്ടലില്‍ മരണം സംഭവിക്കുന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പും ആദ്യഘട്ടം അന്വേഷണവും പൂര്‍ത്തിയാകുന്നതു വരെ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കരുതെന്നു സുപ്രീം കോടതി മാര്‍ഗനിര്‍ദേശമുണ്ട്. ഇത്തരം സംഭവങ്ങള്‍ 48 മണിക്കൂറിനകം ക്രൈംബ്രാഞ്ചോ അതിലും ഉയര്‍ന്ന ഏജന്‍സികളോ അന്വേഷിക്കണമെന്നതും സുപ്രീം കോടതി നിര്‍ദേശമാണ്. മൂന്നു മാസത്തിനകം മജിസ്റ്റീരിയല്‍ അന്വേഷണം ഉത്തരവാക്കുക, വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ദേശീയ മനുഷ്യാവകാശ കമ്മീഷനു ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീം കോടതിയുടേതായി ഉണ്ട്.