സൗദിയില്‍ അപകടത്തില്‍ മരിച്ച ജുനൈദിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി

ജിദ്ദ- ഇക്കഴിഞ്ഞ മൂന്നാം തീയതി പുലര്‍ച്ചെ സൗദിയിലെ മഖ്‌വയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ജുനൈദിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്നലെ ഖബറടക്കി. പെരിന്തല്‍മണ്ണ താഴെക്കോട് പഞ്ചായത്തിലെ പുല്ലരിക്കോട് മുതുവാട്ടര ജുനൈദ് (27) ജോലി ആവശ്യാര്‍ഥം ജിദ്ദയില്‍ നിന്ന് അബഹയിലേക്ക് പോയതായിരുന്നു. മടങ്ങിവരുന്ന വഴിയില്‍ മഖ്‌വക്ക് അടുത്ത് വെച്ച് ഡിവൈഡറില്‍ ഇടിച്ച് വാന്‍ മറിയുകയായിരുന്നു. അവിവാഹിതനാണ്.
മഖ്‌വ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ എത്തിച്ച് നാട്ടിലേക്ക് അയച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന ശേഷം ഉച്ചക്ക് ഒന്നരയോടെ പുല്ലരിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുതുവാട്ടര മൊയ്തീന്‍-ഫാത്തിമ അപ്പക്കണ്ടന്‍ ദമ്പതികളുടെ മകനാണ്. മുഹമ്മദലി (ജിദ്ദ), സൈതലവി (ജിദ്ദ), സീനത്ത്, റൈഹാനത്ത് എന്നിവര്‍ സഹോദങ്ങളാണ്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ അബൂ ഹനീഫ (ജിദ്ദ) എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഹസ്സന്‍ പാരല്ലില്‍, ഫൈസല്‍ വള്ളൂര്‍കാവില്‍. ഫൈസല്‍ ചുങ്കത്ത് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Latest News