പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയെ രക്ഷിച്ചു

കൊച്ചി- പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുമ്പനം ചിത്രപുഴ പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ആലപ്പുഴ സ്വദേശിനി അഥീന(35)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 9.15 നായിരുന്നു സംഭവം. കാക്കനാട് ഭാഗത്തു നിന്ന് നടന്നുവന്ന യുവതി പാലത്തിന്റെ കൈവരിക്ക് മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. ഈ സമയം ഇരുമ്പനം ഭാഗത്തു നിന്ന് വരികയായിരുന്ന തിരുവാങ്കുളം സ്വദേശി രതീഷ് എന്ന ബൈക്ക് യാത്രക്കാരനും ഭാര്യയും ഇത് കണ്ട് നാട്ടുകാരെ വിളിച്ചു കൂട്ടി. ഒരാള്‍ ആദ്യം നീന്തി ചെന്ന് യുവതിയെ പിടിച്ച് തുഴഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ തങ്ങാനായില്ല. ആ സമയം അവിടെയെത്തിയ യുവാക്കളായ സുര്‍ഗീഷും സരുണും സമീപത്തുണ്ടായിരുന്ന വള്ളം കൊണ്ടുപോയി യുവതിയെയും രക്ഷിക്കാനായി ചാടിയ ആളെയും കരയ്ക്ക് എത്തിക്കുകയായിതുന്നു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് വാഹനത്തിലാണ് യുവതിയെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചത്. ചാടിയ ശേഷം അധികം വൈകാതെ യുവതിയെ കരയ്‌ക്കെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന് യുവതിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കളമശ്ശേരിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഥീന.

 

Latest News