Sorry, you need to enable JavaScript to visit this website.

തൊഴില്‍ തേടിയുള്ള ഫിലിപ്പിനോകളുടെ യാത്രക്ക് ഭാഗിക വിലക്ക് വരുന്നു

ദുബായ്- ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി സമൂഹങ്ങളില്‍ അത്ര ചെറുതല്ലാത്ത സാന്നിധ്യമാണ് ഫിലിപ്പിനോകളുടേത്. ആതുരശുശ്രൂഷ പോലെയുള്ള രംഗങ്ങളില്‍ മലയാളികള്‍ക്കൊപ്പം എണ്ണം കൊണ്ടും ഗുണനിലവാരം കൊണ്ടും പിടിച്ചുനില്‍ക്കുന്നവരാണ് ഫിലിപ്പിനോ പ്രവാസികള്‍. ഈയവസ്ഥക്ക് താമസിയാതെ മാറ്റം വന്നേക്കാം. വിദഗ്ധ തൊഴില്‍ മേഖലയില്‍ നാട്ടുകാരെ വിദേശങ്ങളിലേക്ക് ജോലിക്കയക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങുകയാണ് ഫിലിപ്പൈന്‍സ്. സ്വന്തം നാട്ടില്‍ ആവശ്യത്തിന് ജോലിക്കാരെ കിട്ടാതായതോടെയാണ് ഈ വഴിയില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിരിക്കുന്നത്.
വിദേശങ്ങളിലേക്ക് സ്വന്തം പൗരന്മാരെ ജോലിക്കയക്കുക മാത്രമല്ല, അവരോട് എപ്പോഴും കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ് ഫിലിപ്പൈന്‍സിന്റെ പാരമ്പര്യം. തൊഴിലാളികളുടെ സുരക്ഷ മുതല്‍ മതിയായ ശമ്പളം ലഭ്യമാക്കുന്നതുവരെയെത്തുന്നു അവരുടെ കണ്ണുകള്‍. ഫിലിപ്പൈന്‍സിലെ നിര്‍മാണ മേഖലയില്‍ വന്‍ കുതിപ്പ് ദൃശ്യമായതോടെയാണ് തൊഴില്‍ വകുപ്പ് നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഇലക്ട്രീഷ്യന്‍സ്, കാര്‍പന്റര്‍, പ്ലംബര്‍ തുടങ്ങിയ തൊഴിലുകള്‍ ചെയ്യാന്‍ ആളെ കിട്ടാത്തതിനാല്‍ ഫിലിപ്പൈന്‍സിലെ നിര്‍മാണ മേഖല പ്രതിസന്ധിയിലായതോടെയാണ് ഈ വിഭാഗങ്ങളില്‍പെടുന്ന തൊഴിലാളികളെ വിദേശത്ത് അയക്കുന്നത് വിലക്കാന്‍ ആലോചിക്കുന്നതെന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി സില്‍വസ്റ്റര്‍ ബെല്ലോ പറഞ്ഞു. റോഡ്, പാലം, എയര്‍പോര്‍ട്ട് നിര്‍മാണ മേഖലയില്‍ വിദഗ്ധ ഹസ്തങ്ങള്‍ രാജ്യത്തിന് തന്നെ ആവശ്യമുണ്ട്. നിലവിലെ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ആരംഭിച്ച ബില്‍ഡ്, ബില്‍ഡ്, ബില്‍ഡ് പദ്ധതിയാണ് രാജ്യത്ത് നിര്‍മാണ മേഖലയില്‍ കുതിപ്പിന് കാരണമായിരിക്കുന്നത്.

 

Latest News