കോട്ടയം- അനന്തപുരിയിൽ അങ്കം കുറിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ട് കുമ്മനം രാജശേഖരനെ മടക്കികൊണ്ടുവരികയാണ്. മിസോറം ഗവർണർ പദവിയിൽ ഒൻപതുമാസം മാത്രം തുടർന്ന കുമ്മനം തിരുവനന്തപുരം പിടിക്കാൻ സഹായിക്കുമെന്ന ആർ.എസ്.എസ് നിലപാടാണ് ദേശീയ നേതൃത്വത്തെ മനസില്ലാമനസോടെ കുമ്മനത്തെ തിരിച്ചെത്തിക്കാൻ കാരണമായത്. കുമ്മനത്തെ തിരിച്ചുവിളിക്കണമോ എന്ന കാര്യത്തിൽ സമ്മർദങ്ങൾക്കിടയിലും തീരുമാനം നീണ്ടുപോയതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് എൻ.എസ്.എസിന് അഭിമതനല്ല അദ്ദേഹം എന്നതാണത്രെ. ശബരിമല വിഷയത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം എൻ.എസ്.എസുമായി ഏറെ അടുപ്പത്തിലാണെങ്കിലും കുമ്മനം രാജശേഖരനുമായി സമദൂരത്തിലാണ്. കുമ്മനത്തിന്റെ പിതാവ് കോട്ടയത്തെ എൻ.എസ്.എസിന്റെ ആദ്യകാല നേതൃനിരയിൽ പ്രമുഖനായിരുന്നുവെങ്കിലും പിന്നീട് എൻ.എസ്.എസുമായുളള ഊഷ്മള ബന്ധത്തിന് മങ്ങലേറ്റു.
ശബരിമല വിഷയത്തെ തുടർന്ന് നായർ സമുദായത്തിന്റെ പിന്തുണ ഏറെക്കുറെ ബി.ജെ.പിക്കാണെന്ന് ഇതിനകം തന്നെ എൻ.എസ്.എസ് വരികൾക്കിടയിലൂടെ വ്യക്തമാക്കികഴിഞ്ഞു. എൻ.എസ്.എസിന്റെ ഈ സൂചനയാണ് തിരുവനന്തപുരവും കോട്ടയവും ഉൾപ്പടെ പല മണ്ഡലങ്ങളിലും ഇതര സമുദായ സ്ഥാനാർഥികളെ രംഗത്തിറക്കാൻ ഇടതുമുന്നണിയെ പ്രേരിപ്പിച്ച ഘടകം. തിരുവനന്തപുരത്ത് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ മറ്റൊരു സമുദായംഗം സ്ഥാനാർഥിയാകുന്നതാണ് താൽപര്യമെന്ന സൂചന എൻ.എസ്.എസ് നൽകിയിരുന്നു. പത്തനംതിട്ടയിലും എൻഎസ്.എസ് ചില താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തിരുവനന്തപുരത്ത് കുമ്മനം എത്തുമെന്ന് ഉറപ്പായതോടെ പത്തനംതിട്ടയിൽ എൻ.എസ്.എസ് താൽപര്യം ബിജെപി പരിഗണിച്ചേക്കും.
തിരുവനന്തപുരത്ത് സെലിബ്രിറ്റി സ്ഥാനാർഥികൾക്കായി ബി.ജെ.പി അന്വേഷണം നടത്തിയതും സമുദായിക പരിഗണനകൾക്കപ്പുറത്തെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു. ചലച്ചിത്ര താരങ്ങളെയും പ്രമുഖരായ വൃക്തിത്വങ്ങളെയുമാണ് പാർട്ടി ലക്ഷ്യമിട്ടത്. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ഈ നീക്കം വിജയിച്ചില്ല. ഇതിനിടെ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചുവെങ്കിലും കുമ്മനത്തെ പോലെ വിപുലമായ ബന്ധം ഇല്ലെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെയാണ് പിൻവാങ്ങിയത്. കാൽ നൂറ്റാണ്ടായി തിരുവനന്തപുരത്തുകാർക്ക് പരിചിതനാണ് കുമ്മനം. സംഘപരിവാറിന്റെ എല്ലാ സംഘടനകളുമായും നല്ല ബന്ധം. വി.എച്ച്.പിയുടെ നേതൃനിരയിൽ നിന്നാണ് ആർ.എസ്.എസിലേക്ക് കടക്കുന്നത്. സർക്കാർ ജോലി രാജിെവച്ചാണ് മുഴുവൻ സമയ പ്രവർത്തകനായത്. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നിവയുടെയും നേതൃനിരയിൽ കുമ്മനം ഉണ്ടായിരുന്നു.
ഗ്രൂപ്പിസത്തിൽ നീറി പുകഞ്ഞ ബിജെപിയെ യോജിപ്പിച്ചു നിർത്തുന്നതിനാണ് 2015 ൽ ദേശീയ നേതൃത്വം ഇടപെട്ട് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്. ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞടുപ്പിന് ശേഷമാണ് കുമ്മനത്തെ ഗവർണർ പദത്തിലേക്ക് കൊണ്ടുപോകുകയും പി.എസ് ശ്രീധരൻപിളളയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കുകയും ചെയ്തത്. എൻഎസ്എസുമായി ഏറെ നാളായി വളരെ അടുത്ത ബന്ധമുളള ശ്രീധരൻപിളള വഴി ബിജെപിക്ക് നായർ സമുദായത്തിലേക്കുളള വഴിവെട്ടിത്തുറക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ ആദ്യം ശ്രീധരൻപിളള അത്ര തിളങ്ങിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് എടുത്ത നിലപാടിനോട് ബി.ജെ.പിയും യോജിച്ചതോടെ ആദ്യമായി സൗഹൃദാന്തരീക്ഷം കടന്നുവന്നു. മുന്നാക്ക സമുദായ സംവരണം വന്നതോടെ എൻ.എസ്.എസ് പരസ്യമായി കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു.
ബി.ജെ.പി ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ കുമ്മനത്തെ തിരികെ കേരളത്തിലേക്ക് എത്തിക്കണം എന്ന് കേന്ദ്ര നേതൃത്വത്തോട് ആർ.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണർ പദം രാജിവെപ്പിച്ച് മത്സരിക്കുന്ന ശീലമില്ലെന്നായിരുന്നു ദേശീയ അധ്യക്ഷൻ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് പാലക്കാട് നടത്തിയ നേതൃയോഗത്തിൽ ഈ ആവശ്യം വീണ്ടും ശക്തമായതോടെ ആലോചിക്കാമെന്നായി അമിത് ഷാ. തുടർന്ന് പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചാണ് കുമ്മനത്തെ രാജിവെപ്പിച്ചതെന്നാണ് അറിയുന്നത്.
കുമ്മനത്തിന്റെ തിരിച്ചുവരവോടെ തിരുവനന്തപുരത്ത് മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം കണ്ടുവെച്ചിരുന്ന ശ്രീധരൻപിളളയ്ക്ക് മറ്റു മണ്ഡലം തേടേണ്ടിവരും. ശ്രീധരൻപിളള അല്ലെങ്കിൽ തിരുവനന്തപുരത്തുകാരനായ മറ്റൊരു നേതാവായിരുന്നു എൻ.എസ്എസ് താൽപര്യ ലിസ്റ്റിലുണ്ടായിരുന്നത്. കുമ്മനം എത്തുന്നതോടെ ബി.ജെ.പി ഘടകം എൻ.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കേണ്ടിവരും.






