മകളുടെ ദുരൂഹമരണത്തെത്തുടർന്ന് വഴി തെറ്റിയ ബീബി ജാഗീർ കൗറിന്റെ രാഷ്ട്രീയ യാത്രക്ക് അതിർത്തി ഗ്രാമമായ ഖാദൂർസാഹിബിൽ പുനരാരംഭമാവുകയാണ്...
നീതിപീഠം കനിഞ്ഞതോടെ ബീബി ജാഗീർകൗർ ജനകീയ കോടതിയുടെ വിധിക്കായി പൊരുതും. അകാലിദളിന് വലിയ ശക്തിയുള്ള പഞ്ചാബിലെ അതിർത്തി മണ്ഡലമായ ഖാദൂർസാഹിബിൽ പാർട്ടി ജാഗീറിനെ സ്ഥാനാർഥിയാക്കും.
കപൂർത്തലയിലെ സന്ത് പ്രേം സിംഗ് മുരളീവാല ദേരയുടെ മേധാവിയായിരുന്നു ബീബി ജാഗീർ കൗറിന്റെ ഭർത്താവ്. 1982 ൽ ഭർത്താവ് മരണപ്പെട്ടു. അഞ്ചു വർഷത്തിനു ശേഷം ജാഗീർ കൗർ ദേരയുടെ നേതാവായി ചുമതലയേറ്റു. ഈ ദേരക്ക് ജാഗീർ കൗറിന്റെ അസംബ്ലി മണ്ഡലമായ ഭോലാതിലും സമീപപ്രദേശങ്ങളിലും വലിയ സ്വാധീനമുണ്ട്. എന്നാൽ മകളുടെ ദുരൂഹ മരണം അവരുടെ രാഷ്ട്രീയ, ദേരാ യാത്രകൾക്ക് വിലങ്ങുതടിയായി. മകളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് 19 വർഷമായി നിയമയുദ്ധത്തിലായിരുന്നു ജാഗീർ കൗർ. 2000 ഏപ്രിലിലാണ് ദുരൂഹസാഹചര്യത്തിൽ ജാഗീർ കൗറിന്റെ മകൾ ഹർപ്രീത് കൗർ മരണപ്പെടുന്നത്. പോസ്റ്റ്‌മോർട്ട്ം നടത്താതെ മൃതദേഹം മറവ് ചെയ്തു. താനും ഹർപ്രീതും വിവാഹിതരായിരുന്നുവെന്നും അതിന്റെ പേരിൽ മകളെ ജാഗീറിന്റെ നിർദേശപ്രകാരം ദുരഭിമാനക്കൊല ചെയ്യുകയായിരുന്നുവെന്നുമാരോപിച്ച് കമൽജീത് സിംഗ് എന്ന യുവാവ് ഉടനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ അഭിമാനം വകവെക്കാതെ ഹർപ്രീത് വിവാഹം ചെയ്തതാണ് ജാഗീർ കൗറിനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. എന്നാൽ പത്തു വർഷത്തിനു ശേഷം കമൽജീത് കൂറുമാറി. തനിക്കെതിരായ കള്ളക്കേസ് തടയാൻ ആരോപണമുന്നയിച്ചതായിരുന്നുവെന്ന് കമൽജീത് കോടതിയിൽ പറഞ്ഞു. എന്നിട്ടും 2012 ൽ ജാഗീറിന് അഞ്ചു വർഷം തടവ് ശിക്ഷ കിട്ടി. മകളുടെ ഗർഭമലസിപ്പിച്ചതിനും അന്യായമായി തടങ്കലിൽ വെച്ചതിനുമായിരുന്നു ഇത്. എന്നാൽ കൊലക്കുറ്റത്തിൽനിന്ന് അവരെ ഒഴിവാക്കി. 2012 നവംബറിൽ ജാഗീറിന് ജാമ്യം കിട്ടി. കഴിഞ്ഞ ഡിസംബറിൽ അവരെ കോടതി പൂർണമായി കുറ്റവിമുക്തയാക്കുകയും ചെയ്തു.
ഈ സാഹര്യത്തിലാണ് ജാഗീറിനെ മത്സരിപ്പിക്കുന്നത്. അകാലിദൾ എം.പി രഞ്ജിത് സിംഗ് ബ്രഹംപുരയുടെ തട്ടകമാണ് ഖാദൂർ സാഹിബ്. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലിനോട് യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം പാർട്ടി വിട്ട മൂന്ന് പ്രമുഖ നേതാക്കളിലൊരാളാണ് ബ്രഹംപുര. ശിരോമണി അകാലിദൾ (തക്‌സാലി) എന്ന പുതിയ കക്ഷി അവർ രൂപീകരിച്ചു. അകാലിദൾ (തക്‌സാലി) സ്ഥാനാർഥിയായി മുൻ കരസേനാ മേധാവി ജെ.ജെ. സിംഗും ഖാദൂർസാഹിബിൽ മത്സരിക്കുന്നുണ്ട്.
ഖാദൂർ സാഹിബിൽ നേരത്തെ തന്നെ ജാഗീർ കൗർ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ദംദമി തക്‌സൽ സിഖ് വിഭാഗത്തിന്റെ നേതാവ് ഹർനാം സിംഗ് ദുമയുമായും പ്രാദേശിക അകാലിദൾ, ബി.ജെ.പി നേതൃത്വവുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ മത, സാമൂഹിക നേതാക്കളെയും നേരിട്ടു കണ്ടു.
പഞ്ചാബിലെ 13 സീറ്റിൽ പത്തിൽ അകാലിദളും മൂന്നിൽ ബി.ജെ.പിയുമാണ് മത്സരിക്കുക. എവിടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജാഗീർ കൗർ ശുഭാപ്തി വിശ്വാസത്തിലാണ്.
മുൻ കരസേനാ മേധാവി ജെ.ജെ. സിംഗ് വലിയ വെല്ലുവിളിയാവില്ലേയെന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തെ ആർക്കാണറിയുക എന്നാണ് ജാഗീർ കൗർ തിരിച്ചു ചോദിക്കുന്നത്. ഖാദൂർസാഹിബ് നിയമസഭാ മണ്ഡലത്തിലൊഴികെ ബ്രഹംപുരക്കും വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധിക്കില്ലെന്ന് ജാഗീർ കൗർ പറഞ്ഞു.
ജീവിതത്തിൽ പലവേഷങ്ങൾ കെട്ടിയിട്ടുണ്ട് ജാഗീർ കൗർ. കണക്ക് അധ്യാപികയിൽ നിന്നാണ് ദേര നേതാവും പിന്നീട് രാഷ്ട്രീയക്കാരിയുമൊക്കെയായത്. അകാലിദളിന്റെ തലപ്പത്തുള്ള ബാദൽ കുടുംബത്തോടുള്ള കൂറ് അവർക്ക് എപ്പോഴും ഗുണം ചെയ്തു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷയായ ഏക വനിതയാണ് അവർ. രണ്ടു തവണ അവർ തലപ്പത്തെത്തി. 2000 ൽ മകളുടെ മരണത്തെത്തുടർന്ന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
2012 ൽ അകാലിദൾ-ബി.ജെ.പി സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ അവർ മന്ത്രിയായി. എന്നാൽ 14 ദിവസത്തിനകം രാജി വെക്കേണ്ടി വന്നു. പട്യാലയിലെ സ്‌പെഷ്യൽ സി.ബി.ഐ കോടതി മകളുടെ ദുരഭിമാനക്കൊലയിൽ അവരെ പ്രതി ചേർത്തതിനെ തുടർന്നായിരുന്നു ഇത്. ജാമ്യം കിട്ടിയെങ്കിലും കുറ്റം ചുമത്തപ്പെട്ടതിനാൽ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. ജാഗീർ കൗറിന്റെ ഭോലാത് മണ്ഡലത്തിൽ മറ്റൊരു മകളുടെ ഭർത്താവിനെയാണ് അകാലിദൾ മത്സരിപ്പിച്ചത്. എന്നാൽ എ.എ.പി സ്ഥാനാർഥിയോട് അദ്ദേഹം തോറ്റു.
19 വർഷം നിയമയുദ്ധം നേരിടേണ്ടി വരികയും നിരപരാധിത്വം തെളിയിക്കുകയും ചെയ്ത തന്നോട് ജനങ്ങൾക്ക് സഹതാപമുണ്ടാവുമെന്നാണ് ജാഗീർ കൗർ പറയുന്നത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷ, മന്ത്രി, അകാലിദൾ വനിതാ വിഭാഗം പ്രസിഡന്റ് എന്നീ നിലകളിലുള്ള സേവനം ജനങ്ങൾ മാനിക്കുമെന്നും അവർ കരുതുന്നു. നാലായിരത്തിലേറെ പ്രബന്ധക് കമ്മിറ്റി ജീവനക്കാരിൽ ഓരോ ആൾക്കും തന്നെ അറിയാമെന്നും ഏത് മണ്ഡലത്തിലായാലും താൻ സുപരിചിതയാണെന്നും ജാഗീർ വിശ്വസിക്കുന്നു.






