Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടത്തില്‍ മുങ്ങി ബിസിനസ് തകര്‍ന്നു, തളര്‍വാതം വന്ന് കിടപ്പിലുമായി; പ്രവാസി ഇന്ത്യക്കാരന് രക്ഷകരായി അജ്മാന്‍ പോലീസ്

അജ്മാന്‍- മൂന്നു പതിറ്റാണ്ടു കാലത്തെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ഒരു കടക്കെണിയിലകപ്പെട്ടതോടെ തകര്‍ന്നു തരിപ്പണമായി ജീവിതം വഴിമുട്ടിയ പ്രവാസി ഇന്ത്യക്കാരനായ വ്യവസായിയെ രക്ഷിക്കാന്‍ അജ്മാന്‍ പോലീസ് രംഗത്തെത്തി. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും കാരണം മാനസികമായി പാടെ തകര്‍ന്ന് ഈ പ്രവാസി തളര്‍വാതം പിടിപ്പെട്ട് കിടപ്പിലാണിപ്പോള്‍. എം.കെ എന്നു മാത്രം വിളിക്കപ്പെടുന്ന, 60-കാരനായ ഈ ഇന്ത്യക്കാരന്റെ ദുരവസ്ഥ അറിഞ്ഞ അജ്മാന്‍ പോലീസ് കമ്യൂണിറ്റി സപോര്‍ട്ട് സെന്റര്‍ വഴിയാണ് കൈത്താങ്ങ് നല്‍കുന്നത്. എല്ലാ പ്രയാസങ്ങളും മറികടക്കാന്‍ ആവശ്യമായ പിന്തുണയും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫ ഖലീല്‍ അല്‍ ഹുസൈനി പറഞ്ഞു. 35 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായി കഴിയുന്ന അജ്മാനിലും മറ്റു എമിറേറ്റുകളിലുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഈ ഇന്ത്യക്കാരന്റെ പൂര്‍ണ പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ഒരു കടക്കെണിയില്‍ കുരുങ്ങിയാണ് എം.കെയ്ക്ക് എല്ലാം നഷ്ടമായത്. ഈ ആഘാതത്തിനു പിന്നാലെ പക്ഷാഘാതം പിടിപ്പെട്ട് പൂര്‍ണമായും കിടപ്പിലായി. ഖലീഫ ആശുപത്രിയില്‍ ആരും ശുശ്രൂഷിക്കാനില്ലാതെ കഴിയുകയായിരുന്നു എം.കെ. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെ തന്നെ കുടുംബത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ശേഷം കടക്കെണിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലുമായിരുന്നു. ഇതിനിടെയാണ് കിടപ്പിലായത്. ഇദ്ദേഹത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമെല്ലാം നഷ്ടമായതായും കണ്ടെത്തി. അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനേയും ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും ബന്ധപ്പെട്ടാണ് ഔട്ട്പാസ് തരപ്പെടുത്തിയത്. 

ശേഷം ഇദ്ദേഹത്തില്‍ നിന്നും പണം തിരികെ ലഭിക്കാനുള്ള കടക്കാരേയും പോലീസ് ബന്ധപ്പെട്ടു കാര്യങ്ങള്‍ വിശദീകരിച്ചു. കഥ കേട്ട അവര്‍ കടബാധ്യത കുറക്കാന്‍ തയാറായി. ബാക്കി വരുന്ന കടബാധ്യതകള്‍ അജ്മാന്‍ പോലീസിന്റെ കമ്യൂണിറ്റി സപോര്‍ട്ട് സെന്ററിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ തീര്‍പ്പാക്കി. ഇതോടെ നാട്ടിലേക്കു തിരച്ചു പോകാനുള്ള വഴിയൊരുങ്ങി. പൂര്‍ണമായും കിടപ്പിലായതിനാല്‍ പ്രത്യേക ശ്രദ്ധയോടെ വിമാന യാത്രയ്ക്കു വേണ്ട എല്ലാ മുന്നൊരുക്കങ്ങലും വിമാന കമ്പനിയുമായി ബന്ധപ്പെട്ട് അജ്മാന്‍ പോലീസ് തന്നെ ചെയ്തിട്ടുണ്ട്. കൂടാതെ നാട്ടിലെ കുടുംബത്തേയും പോലീസ് വിവരമറിയിക്കുകയും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തണമെന്ന് അറിയിക്കുകയും ചെയ്തു.
 

Latest News