Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഉത്തരകൊറിയ അല്ല; വ്യാജ ഏറ്റുമുട്ടലിന് പിണറായി ഉത്തരം പറയണം- ബൽറാം

പാലക്കാട്- വയനാട് ലക്കിടിയിൽ മാവോയിസ്റ്റ് സി.പി ജലീലിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയേണ്ടി വരുമെന്ന് വി.ടി ബൽറാം എം.എൽ.എ. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാർത്ഥ പ്രയോഗരീതികളിലും നിങ്ങൾക്കില്ലാത്ത വിശ്വാസവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടൻ തോക്കും പിടിച്ച് കാടുകയറുന്നതെന്നും അവരെയാണ് പിണറായി വിജയൻ എന്ന നിയോ ലിബറൽ കമ്മ്യൂണിസ്റ്റിന്റെ ഗവൺമെന്റ് പിന്നിൽ നിന്ന് വെടിവച്ച് കൊല്ലുന്നതെന്നും ബൽറാം ആരോപിച്ചു. 
മാർക്‌സിസ്റ്റ് പാർട്ടി കൊടിയിലും ടീ ഷർട്ടിലും ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ചെ ഗുവേരയുടെയെല്ലാം മാർഗമാണ് സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. 
ഒന്നുകിൽ ചെഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിൻ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികൾക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്‌ലക്‌സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കിൽ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അൽപ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.
ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, ഭരണകൂട കൊലപാതകങ്ങൾക്ക് ഭരിക്കുന്ന സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ. ബൽറാം ആവശ്യപ്പെട്ടു.
 

Latest News