മക്ക - ഹജ് അനുമതിപത്രമില്ലാത്തവരും ഇഖാമ, തൊഴിൽ നിയമലംഘകരും ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് പുണ്യസ്ഥലങ്ങൾക്കു ചുറ്റും ഇലക്ട്രോണിക് ഭിത്തി സ്ഥാപിക്കാൻ നീക്കം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മക്ക പ്രവിശ്യ കൗൺസിൽ ഇതടക്കം നടപ്പാക്കാനുദ്ദേശിക്കുന്ന ഏതാനും പദ്ധതികളെ കുറിച്ച് വിശകലനം ചെയ്തു. ജിദ്ദ-മക്ക എക്സ്പ്രസ്വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി കൗൺസിൽ യോഗത്തിൽ സേവന വികസന കമ്മിറ്റി അവതരിപ്പിച്ചു. ഹജ്, ഉംറ സീസണുകളിൽ മക്കയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീക്കം എളുപ്പമാക്കാനാണ് ശുമൈസി വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ശുമൈസി ചെക്ക് പോസ്റ്റിൽ കൂടുതൽ ട്രാക്കുകൾ ഏർപ്പെടുത്തും.






