കൂട്ടിലിട്ടു വളര്‍ത്തിയ സിംഹത്തിന്റെ  ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു 

പ്രാഗ്: അനധികൃതമായി കൂട്ടിലിട്ടു വളര്‍ത്തിയ സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു. മൈക്കല്‍ പ്രാസോക്ക് എന്ന യുവാവിനെയാണ് സിംഹം കടിച്ചുകീറി കൊന്ന നിലയില്‍ വീട്ടു മുറ്റത്തെ സിംഹക്കൂട്ടില്‍ കണ്ടെത്തിയത്.
യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. പ്രാസോക്കിന്റെ പിതാവാണ് മകനെ കൂട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടിനു ഉള്‍വശത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സിംഹത്തെ വീട്ടില്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി പ്രാദേശിക അധികൃതരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് മൈക്കലിന്റെ മരണം.
മൃതദേഹം കൂട്ടില്‍ നിന്നും നീക്കം ചെയ്യാനായി രണ്ട് സിംഹങ്ങളെയും പൊലീസ് വെടി വച്ചു കൊന്നു. 34 കാരനായ പ്രാസേക്ക് 9 വയസ്സുളള ആണ്‍സിംഹത്തെ 2016ലാണ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍സിംഹത്തെ ഇയാള്‍ വാങ്ങിയത്. സിംഹങ്ങളെ ഇണചേര്‍ത്തു പ്രത്യുല്‍പാദനം നടത്തുകയെന്നതായിരുന്നു പ്രാസേക്കിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനു സര്‍ക്കാരില്‍ നിന്നും അനുമതി തേടാത്തതിനെ തുടര്‍ന്ന് പ്രാസേക്കിനു പിഴയടയ്‌ക്കേക്കണ്ടി വന്നിരുന്നു.
സിംഹങ്ങളുമായി അടുത്തിടപെടാറുളള പ്രാസേക്ക് ഇവയുമായി കളിക്കാന്‍ കൂട്ടിനുളളില്‍ സമയം ചിലവഴിക്കാറുണ്ടായിരുന്നു. സാധാരണയായി കൂടിനടുത്ത് ഇവയുമായി കളിക്കാന്‍ കയറുമ്പോള്‍ അകത്തു നിന്നും കുറ്റിയിടാറുണ്ട്. അതുകൊണ്ടു തന്നെ സിംഹത്തിന്റെ അടുത്തേയ്ക്കു പോയപ്പോള്‍ മനപ്പൂര്‍വ്വം സിംഹത്തിന്റെ അടുത്ത് മരിക്കാന്‍ വേണ്ടി പോയതാണോ അതോ ആക്രമണത്തില്‍ മരിച്ചതാണോ എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

Latest News