റിയാദ് - ടൂറിസം മേഖലയിലെ സ്പെഷ്യലൈസേഷൻ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് 474 സൗദി വിദ്യാർഥിനികളെ വിദേശങ്ങളിലേക്ക് അയച്ചതായി സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു. വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നിയമനം ഉറപ്പു നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വിദ്യാർഥിനികളെ സ്കോളർഷിപ്പോടെ വിദേശങ്ങളിലേക്ക് അയച്ചത്. 2020 വരെയുള്ള കാലത്ത് ടൂറിസം മേഖലയിലെ സ്പെഷ്യലൈസേഷൻ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കുന്നതിന് ആകെ 1200 സൗദി വിദ്യാർഥിനികളെ വിദേശങ്ങളിലേക്ക് അയക്കുന്നതിന് ടൂറിസം, ദേശീയ പൈതൃക വകുപ്പിന് പദ്ധതിയുണ്ട്.
വിഷൻ 2030 പദ്ധതിക്കും ദേശീയ പരിവർത്തന പദ്ധതിക്കും അനുസൃതമായി ടൂറിസം മേഖലയിൽ സൗദി വനിതകൾക്ക് അവസരങ്ങൾ വർധിപ്പിക്കുന്നതിനാണ് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശ്രമിക്കുന്നത്. ടൂറിസം, പൈതൃക മേഖലയിൽ ഇതിനകം 9631 സൗദി യുവതികൾക്ക് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പരിശീലനം നൽകിയിട്ടുണ്ട്. 2020 വരെയുള്ള കാലത്ത് 25,000 സൗദി യുവതികൾക്ക് ഈ മേഖലയിൽ പരിശീലനം നൽകുന്നതിനാണ് ശ്രമം. ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്ന 405 വനിതകൾക്ക് ടൂറിസം ഗൈഡൻസ് ശിൽപശാലകളുടെ പ്രയോജനം ലഭിച്ചു. 2020 വരെയുള്ള കാലത്ത് 1400 വനിതാ ടൂർ ഗൈഡുമാർക്ക് പരിശീലനം നൽകുന്നതിന് ലക്ഷ്യമിടുന്നു.
ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നതിന് ആഗ്രഹിക്കുന്ന യുവതികൾക്ക് പ്രയോജനപ്പെടുന്നതിന് ടൂറിസം, ട്രാവൽസ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, ബിസിനസ് മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കോഴ്സുകൾ നടത്തുന്ന പതിനാലു കോളേജുകൾ രാജ്യത്തുണ്ട്. ടൂറിസം, പൈതൃക മേഖലയുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ഗവേഷകരായി 80 വനിതകൾ പ്രവർത്തിക്കുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് 988 സൗദി യുവതികൾക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടുണ്ട്. നാഷണൽ ഹാന്റിക്രാഫ്റ്റ് പ്രോഗ്രാമിൽ ഇതുവരെ 3961 വനിതകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.






