നെടുമ്പാശ്ശേരി- സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാലെ മയക്കുമരുന്ന് സംഘങ്ങളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമാകുന്നു. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യുവാന്‍ കഴിയുമെന്നു മാത്രമല്ല കേരളത്തില്‍ നിന്ന് ഗള്‍ഫിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടക്കുന്നത് കൊച്ചിയില്‍ നിന്നാണുള്ളത് എന്നതും സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന് പിന്നാലെ മയക്കുമരുന്ന് സംഘവും സജീവമാകുന്നതിന് കാരണമായിട്ടുണ്ട്.
മയക്കുമരുന്ന് തിരിച്ചറിയുവാന്‍ കഴിയുന്ന തരത്തിലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതും കള്ളക്കടത്ത് സംഘത്തിന് സാധനങ്ങള്‍ എളുപ്പത്തില്‍ അനധികൃതമായി കടത്തുന്നതിന് സഹായകമാകുന്നു. നേരത്തെ ലഭിക്കുന്ന രഹസ്യ വിവരത്തെ തുടര്‍ന്നോ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാലോ നടത്തുന്ന പരിശോധനയിലാണ് മിക്ക മയക്കുമരുന്ന് കേസുകളും പിടിക്കപ്പെടുന്നത്. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി വിദേശികളാണ് പിടിയിലാകുന്നത്. വിദേശികളായ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ വരുമ്പോഴും പോകുമ്പോഴും പരിശോധനയില്‍ നല്‍കുന്ന ഇളവ് മുതലെടുത്താണ് മയക്കുമരുന്ന് കടുത്തുന്നതിനായി വിദേശികളെ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി മയക്കുമരുന്ന് കടുത്തുവാന്‍ ശ്രമിക്കുന്നതിനിടെ ആറ് വിദേശികളാണ് പിടിക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലാണ്. ഇവരെ കൂടാതെയാണ് കഴിഞ്ഞ അഞ്ചിന് ചൊവ്വാഴ്ച അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടി രൂപയോളം വില വിരുന്ന മൂന്ന് കിലോ ഹാഷിഷ് മാലിയിലേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ മാലി സ്വദേശിയായ സബാഹ് മുഹമ്മദ് എന്ന യുവാവ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം രണ്ട് കിലോഗ്രാം കൊക്കെയ്ന്‍ കടത്തുവാന്‍ ശ്രമിച്ച ലാറ്റിനമേരിക്കന്‍ സ്വദേശി ഡുറന്‍ സോള ജോണി
അലക്‌സാണ്ടര്‍ പിടിയിയിലായിരുന്നു. ഈ കേസ് പിടിക്കപ്പെട്ടതോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കും തിരിച്ചും വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകുന്നുണ്ടെന്ന് വിവരം ലഭിച്ചത്.